18 മണിക്കൂറോളം പാകിസ്താന് ഇരുട്ടിലായതിന് ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്

കറാച്ചി : രാജ്യവ്യാപകമായുണ്ടായ പവർകട്ടിനെത്തുടർന്ന് പവർ പ്ലാന്റ് ജീവനക്കാരെ പാകിസ്താൻ സസ്പെൻഡ് ചെയ്തു. പാകിസ്താനിലെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നിലെ ഏഴ് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ഒരു മാനേജരും ആറ് ജോലിക്കാരും ഉൾപ്പെടെ ഏഴ് പേരെയാണ് സസ്പെൻഡ് ചെയ്തത്.
സാങ്കേതിക തകരാറിനെത്തുടർന്ന് വാരാന്ത്യത്തിൽ വൻ ഗ്രിഡ് തകരാർ സംഭവിക്കുകയും രാജ്യം മുഴുവൻ ഇരുട്ടിലാകുകയും ചെയ്തിരുന്നു.
തലസ്ഥാനമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രണ്ടാമത്തെ വലിയ നഗരമായ ലാഹോർ എന്നിവയുൾപ്പെടെ പാകിസ്താനിലെ എല്ലാ പ്രധാന നഗരങ്ങളും പൂർണ്ണമായി ഇരുട്ടിലായി. മിക്ക പ്രദേശങ്ങളിലും 18 മണിക്കൂർ വരെ പവർകട്ട് നീണ്ടുനിന്നു.
സിന്ധ് പ്രവിശ്യയിലെ ഗുഡ്ഡു താപവൈദ്യുത നിലയത്തിലെ ജീവനക്കാരെ ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് സസ്പെൻഡ് ചെയ്തതായി കേന്ദ്ര വൈദ്യുതി കമ്പനി അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ നിലയമാണ് 1980 കളിൽ നിർമ്മിച്ച ഗുഡ്ഡു താപവൈദ്യുത നിലയം. പ്രകൃതിവാതകത്തിൽ നിന്നും എണ്ണയിൽ നിന്നുമാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനിൽ തകരാറുണ്ടായാൽ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും. ദക്ഷിണ പാകിസ്താനിൽ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലർച്ച രാജ്യമാകെ ഇരുട്ടിലാകാൻ കാരണമായത്.

