ജനിതകമാറ്റംവന്ന കോവിഡ് യു.കെയില്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു – ഡബ്ല്യൂഎച്ച്ഒ

ലണ്ടൻ: യു.കെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനിൽ കണ്ടെത്തിയതായി സംശയിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ ആവശ്യമുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു.
പുതിയ കോവിഡ് വകഭേദങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ബ്രിട്ടനിൽ കണ്ടെത്തിയ VOC 202012/01 വകഭേദത്തെപ്പറ്റി 2020 ഡിസംബർ 14 നാണ് ആദ്യം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അതിനകം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാൽ വ്യാപനശേഷി കൂടുതലാണെന്നാണ് സമ്പർക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ ഡിസംബർ 18 ന് കണ്ടെത്തിയ 501Y.V2 വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനങ്ങളിൽ പുതിയ വകഭേദം മുൻപുള്ളതിനെക്കാൾ അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അത് തീവ്രരോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന സൂചനകളില്ല. എന്നാൽ രോഗബാധിതരുടെ എണ്ണം വൻതോതിൽ വർധിപ്പിക്കുകയും ആരോഗ്യ പരിപാലന സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.
അതിനിടെ, ജനുവരി ഒമ്പതിന് ബ്രസീലിൽനിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരിൽ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചു. രണ്ട് മുതിർന്നവരിലും രണ്ട് കുട്ടികളിലും പുതിയ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

