KSDLIVENEWS

Real news for everyone

പടക്കപ്പുരയിലെ സ്‌ഫോടനം: നാലുപേര്‍ അറസ്റ്റില്‍, ദേവസ്വം പ്രസിഡന്റും പ്രതി

SHARE THIS ON

പുതിയകാവ്: തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട് പടക്കപ്പുരയിലുണ്ടായ സ്‌ഫോടനത്തിൽ ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് ദേവസ്വം ഭാരവാഹികളായ സതീഷ് കുമാർ, ശശികുമാർ, കേസുമായി ബന്ധമുള്ള കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെ അറസ്റ്റ് ചെയ്തതായി ഹിൽപ്പാലസ് പോലീസ് വ്യക്തമാക്കി. കേസിൽ പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജേഷ് കുമാറാണ് ഒന്നാം പ്രതി. സെക്രട്ടറി രാജേഷ്, ഖജാൻജി സത്യൻ, വെടിക്കെട്ട് കരാറുകാരൻ ആദർശ്, കണ്ടാൽ തിരിച്ചറിയുന്ന വ്യക്തികൾ എന്നിവർ മറ്റ് പ്രതികളാണ്. ഐ.പി.സി. 305, 308, 34, 427, 337 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. നരഹത്യക്കുറ്റം പ്രതികൾക്കെതിരേ ചുമത്തി. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തിമൂലം മരണം വരെ സംഭവിക്കാമെന്ന അറിവോടെ മനുഷ്യജീവനും വസ്തുവകകൾക്കും നാശം വരത്തക്ക വിധം നിയമവിരുദ്ധമായി പ്രതികൾ പടക്കവും വെടിമരുന്നും സൂക്ഷിച്ചതായും എഫ്.ഐ.ആറിലുണ്ട്. To advertise here, Contact Us സ്‌ഫോടന സ്ഥലത്തുനിന്ന് രണ്ടുപേരെ പിടികൂടി പോലീസിലേല്‍പ്പിച്ചു തൃപ്പൂണിത്തുറ: ചൂരക്കാട് വെടിമരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് രണ്ട് പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ കുളത്തില്‍ വീണ ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെമ്പായം സ്വദേശി വിനീത്, ചെങ്ങന്നൂര്‍ സ്വദേശി വിനോദ് എന്നിവരാണ് ഹില്‍പ്പാലസ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. വെടിക്കെട്ട് സാധനങ്ങള്‍ കൊണ്ടുവന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നവരാണ് ഇവരെന്ന് പറയുന്നു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. ചൂരക്കാട് സ്ഫോടനം: ക്യാമ്പ് തുറന്നു തൃപ്പൂണിത്തുറ: സ്ഫോടനത്തിൽ വീട് തകർന്നവർക്ക് താമസിക്കാൻ സൗകര്യമൊരുക്കി തൃപ്പൂണിത്തുറ നഗരസഭ. ചൂരക്കാട് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ 50 കിടക്കകളുള്ള ക്യാമ്പ് നഗരസഭ തിങ്കളാഴ്ച തുറന്നു. കൊച്ചുപറമ്പിൽ സരോജിനിയുടെ അഞ്ചംഗ കുടുംബമാണ് ക്യാമ്പിൽ രാത്രി താമസിക്കാൻ ആദ്യമെത്തിയത്. ഇവരുടെ വീട് സ്ഫോടനത്തിൽ തകർന്നു. നിർധന കുടുംബമാണ്. ഇവരെ പിന്നീട് തൃപ്പൂണിത്തുറ ഗവ. ഗസ്റ്റ് ഹൗസിലേക്ക് നഗരസഭാ അധികൃതർ മാറ്റി. തുടർന്ന് മൂന്നു കുടുംബങ്ങൾകൂടി ക്യാമ്പിലെത്തി. ഇവർക്ക് വേണ്ട സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. അതേസമയം വീടുകൾ തകർന്നവരിലേറെയും ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!