KSDLIVENEWS

Real news for everyone

സമരത്തിന് ഐകൃദാര്‍ഢ്യം: കര്‍ഷകര്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് കെജ്‌രിവാള്‍

SHARE THIS ON

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരഭൂമിയിൽ നിരാഹാരം സമരം നടത്തുന്ന കർഷകർക്കൊപ്പം തിങ്കളാഴ്ച താനും നിരാഹാരമനുഷ്ഠിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കി.
കർഷകർക്ക് പിന്തുണ നൽകി ആം ആദ്മി പാർട്ടി പ്രവർത്തകരും രാജ്യത്തെ മുഴുവൻ ആളുകളും ഏകദിന നിരാഹാര സമരത്തിൽ അണിചേരണമെന്നും കെജ്രിവാൾ അഭ്യർഥിച്ചു. കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ ഉടനടി അംഗീകരിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പുനൽകാൻ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാജസ്ഥാനിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച് ഹരിയാണ പോലീസ് തടഞ്ഞിരുന്നു. നിരവധി ബാരിക്കേഡുകളും കോൺക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ച് ഹരിയാണ-രാജസ്ഥൻ അതിർത്തിയായ ഷാജഹാൻപുരിൽവെച്ചാണ് മാർച്ച് പോലീസ് തടഞ്ഞത്. ഇതോടെ ഡൽഹിയിലേക്കുള്ള ദേശീയ പാത ഉപരോധിക്കുകയാണ് കർഷകർ. പ്രദേശത്ത് വലിയതോതിൽ കേന്ദ്രസേനയേയും സൈന്യത്തേയും വ്യന്യസിച്ചിട്ടുണ്ട്.
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ 18 ദിവസമായി ഡൽഹി അതിർത്തികളിൽ കർഷക പ്രക്ഷോഭം തുടരുകയാണ്. മൂന്ന് നിയമങ്ങളും റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ സംഘടനാ നേതാക്കൾ ആവർത്തിച്ചു. നിയമങ്ങൾ പിൻവലിച്ച ശേഷം മാത്രമേ ഇനി ചർച്ചയുള്ളുവെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. നിരാഹാര സമരത്തിനൊപ്പം തിങ്കളാഴ്ച രാജ്യവ്യാപകമായി ടോൾ പ്ലാസകളിലെ ടോൾ പിരിവ് തടയുമെന്നും കർഷകർ ഭീഷണി മുഴക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!