അവസാന ഘട്ടം: നാല് ജില്ലകളില്‍ പോളിങ് തുടങ്ങി

കോഴിക്കോട് :മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്ത് മൂന്നുഘട്ടങ്ങളായുള്ള വോട്ടെടുപ്പ് ഇന്ന് പൂർത്തിയാവും. ബുധനാഴ്ച ഫലമറിയാം.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തിലുള്ളത്.
പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളുണ്ട്.
സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി.

