അർഹരായവർക്കെല്ലാം പ്രത്യേക പോസ്റ്റൽ ബാലറ്റ് നൽകി -കളക്ടർ

കാസർഗോഡ് • പ്രത്യേക പോസ്റ്റൽ ബാലറ്റിന് അർഹതയുള്ള മുഴുവനാൾക്കും ബാലറ്റ് പേപ്പർ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ അംഗീകരിച്ച പട്ടികയിലുള്ള കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ് പ്രത്യേക പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുന്നത്.
നേരിട്ടോ ഫോണിലോ ബന്ധപ്പെടാൻ സാധിക്കാതിരുന്നവർക്ക് തപാലിലാണ് ബാലറ്റ് എത്തിച്ച് നൽകുന്നത്.
തപാലിൽ പോസ്റ്റൽ ബാലറ്റ് കിട്ടുന്നവർ വോട്ടുചെയ്ത ശേഷം വോട്ടെണ്ണൽ ദിവസമായ 16-ന് രാവിലെ എട്ടിനകം വരണാധികാരികൾക്ക് തിരിച്ചെത്തിക്കണം.
കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും ഉൾപ്പടെ 4500 പേരുടെ പട്ടികയാണ് ഇതുവരെയായി ആരോഗ്യ വകുപ്പ് കൈമാറിയത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രത്യേക പോളിങ് ഓഫീസർ ഇവർ കഴിയുന്ന ഇടങ്ങളിലെത്തി ബാലറ്റുകൾ കൈമാറുന്ന പ്രക്രിയ ഞായറാഴ്ചയോടെ അവസാനിച്ചു

