KSDLIVENEWS

Real news for everyone

നൈജീരിയയിൽ വീണ്ടും ആക്രമണം ; നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി

SHARE THIS ON

അബുജ > നൈജീരിയിലെ സ്‌കൂളിൽനിന്ന്‌ നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി. പ്രസിഡന്റ്‌ മുഹമ്മദ്‌ ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിലാണ്‌‌ സംഭവം. ഗവൺമെന്റ്‌ സയൻസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക്‌ എത്തിയ ആയുധധാരി സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന്‌ വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു. ആൺകുട്ടികളുടെ ബോർഡിങ്‌ സ്‌കൂളിൽ ആക്രമണം നടന്ന ദിവസം എണ്ണൂറിലധികം പേർ സ്‌കൂളിലുണ്ടായിരുന്നു‌. വെള്ളിയാഴ്‌ച രാത്രി 9.40ഓടെയായിരുന്നു ആക്രമണമെന്ന്‌ പൊലീസ്‌ പറഞ്ഞു. അക്രമികളും പൊലീസുമായി ആരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. രണ്ടായി പിരിഞ്ഞ ആക്രമികളിൽ ഒരു സംഘം പൊലീസുമായി ഏറ്റുമുട്ടി. രണ്ടാമത്തെ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോയി. ഏറ്റുമുട്ടലിനിടെ പരിസരത്തെ ചെടികൾക്കിടയിൽ ഒളിച്ചിരുന്നാണ്‌‌ ചില കുട്ടികൾ രക്ഷപ്പെട്ടത്‌. അക്രമി സംഘത്തിന്റെ കൈയിൽനിന്നും രക്ഷപ്പെട്ടവരടക്കം 200 കുട്ടികൾ ശനിയാഴ്‌ച മടങ്ങിയെത്തിയെന്ന്‌ പൊലീസ്‌ വക്താവ്‌ ഗാംബോ ഇസ പറഞ്ഞു. കാട്ടിനുള്ളിൽ അക്രമി സംഘത്തിന്റെ താവളം നൈജീരിയൻ സൈന്യം കണ്ടെത്തിയെന്ന്‌ പ്രസിഡന്റ്‌ ബുഹാരി പറഞ്ഞു. പൊലീസ്‌, സൈന്യം, വ്യോമ സേന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ രക്ഷിക്കാൻ നീക്കം ആരംഭിച്ചു. ആക്രമികളുമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടു പോയ കുട്ടികളുടെ കൃത്യം എണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി ശ്രമം തുടരുകയാണെന്നും കറ്റിസിന പൊലീസ്‌ അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ ആക്രമണം പതിവാണ്‌. കഴിഞ്ഞ മാസം നിരവധി കർഷകരെയാണ്‌ ബൊക്കോഹറാം ഭീകരർ തലവെട്ടി കൊന്നത്‌. 2018ൽ ബൊക്കോഹറാം ഡാപച്ചിയിൽ നൂറിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!