യുഡിഎഫ് തൂത്തുവാരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ; ഇടതു ദുർഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോഡ് വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കഴിഞ്ഞ നാലര വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോഴിക്കോട് വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. ഇടതു ഭരണത്തില്‍ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദുഃഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നിറഞ്ഞ ആത്മവിശ്വാസമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരും. ഭരണവിരുദ്ധ വികാരം ശക്തമാണ്. ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

