കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് അടക്കില്ല ; കർശന നിയന്ത്രണങ്ങളോടെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവര്‍ത്തിക്കും

കാസര്‍ഗോഡ് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്നലെ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചുവെങ്കിലും പലരുടേയും അഭ്യര്‍ത്ഥന മാനിച്ച് പതിവ് പോലെ തുറന്നു. എന്നാല്‍ ഇവിടെ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്ന് കാട്ടി കാസര്‍കോട് നഗരസഭാ സെക്രട്ടറി നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മാര്‍ക്കറ്റ് അടച്ചിടാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചത്. എന്നാല്‍ മാര്‍ക്കറ്റ് റോഡിലെ വ്യാപാരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി ഇന്ന് രാവിലെ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം മാറ്റി തുറക്കാന്‍ ധാരണയായത്. ഇവിടെ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സ്ഥലത്ത് പൊലീസും മാഷ് പദ്ധതി പ്രവര്‍ത്തകരും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റ് റോഡില്‍ മത്സ്യം വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ മാര്‍ക്കറ്റിനകത്ത് മാത്രമാണ് മത്സ്യം വില്‍ക്കാന്‍ അനുമതി.

