അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാകും-മന്ത്രി നിതിന്‍ ഗഡ്കരി

ഇന്ത്യയുടെ വാഹന വിപണി സമീപ വര്‍ഷങ്ങളില്‍ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണി ഇന്ത്യയുടേതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെടുന്നത്. എന്‍.ഡി.ടി.വി. ഓട്ടോ കോണ്‍ക്ലേവിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം കൂടുതല്‍ ലാഭകരമാക്കുന്നതിനൊപ്പം നിര്‍മാണവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി വ്യവസായത്തിലും കയറ്റുമതിയിലും വലിയ കുതിപ്പുണ്ടാക്കാനും, ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. അതുവഴി അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വ്യവസായം ഇന്ത്യയുടേതാക്കി മാറ്റാന്‍ സാധിക്കും. ഈ മേഖലയില്‍ രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും മാനവവിഭവവും ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വാഹന ഫിറ്റ്‌നെസ് സെന്ററുകള്‍ക്കും ഡ്രൈവിങ് പരിശീലനത്തിനുമായും പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നാണ് മന്ത്രി നല്‍കുന്ന മറ്റൊരു ഉറപ്പ്. ഈ രണ്ട് കേന്ദ്രങ്ങളും സംയോജിപ്പിച്ചുള്ള രീതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും അഞ്ച് ഫിറ്റ്‌നെസ് സെന്ററുകള്‍ ആരംഭിക്കും. ഇതിനൊപ്പം പത്ത് മുതല്‍ 20 വരെ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളും ഒരുക്കാനുള്ള പദ്ധതികളാണ് ആലോചിക്കുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ ഉടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഫിറ്റ്‌നെസ് സെന്ററുകള്‍ ഒരുക്കുന്നത്. ഇത്തരം സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
2021-ലാണ് രാജ്യത്ത് വാഹന പൊളിക്കല്‍ നയം പ്രഖ്യാപിക്കുന്നത്. നിരത്തുകളില്‍ നിന്ന് കാലപ്പഴക്കം ചെന്നതും പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കുന്നതിനാണ് ഈ നയം ഒരുക്കിയത്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുകയും മലിനീകരണ മുക്തമായ ഗതാഗത സംവിധാനമെന്ന ആശയം നടപ്പാക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഇന്ത്യയുടെ വാഹന മേഖലയ്ക്ക് വലിയ കരുത്ത് പകരുന്ന നീക്കമായാണ് സര്‍ക്കാര്‍ ഈ നയത്തെ വിശേഷിപ്പിച്ചത്.

