KSDLIVENEWS

Real news for everyone

കെ.എസ്.ഇ.ബി അഴിമതി: എം.എം മണിയുടെ ബന്ധുക്കള്‍ക്ക് ഭൂമി ലഭിച്ചതിന്‍റെ രേഖകളുണ്ടെന്ന് വി.ഡി. സതീശന്‍

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ഇ.ബി അഴിമതി ആരോപണത്തില്‍ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.ഇ.ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ മന്ത്രി എം.എം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശന്‍ ആരോപിച്ചു.

കെ.എസ്.ഇ.ബി പുറമ്ബോക്ക് ഭൂമി റവന്യൂ വകുപ്പിന്‍റെയോ സര്‍ക്കാറിന്‍റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തത്. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സി.പി.എം സംഘങ്ങള്‍ക്കും നൂറ് കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറിയത്. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഉടന്‍ റദ്ദാക്കണം.

എം.എം മണിയുടെ മരുമകന്‍ പ്രസിഡന്‍റായ ബാങ്കിനും ഭൂമി കൈമാറിയിട്ടുണ്ട്. പുറമ്ബോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സര്‍ക്കാറിന്‍റെ ഭൂമി ബന്ധക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കൊടുത്തതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. കെ.എസ്.ഇ.ബിക്ക് നൂറു കണക്കിന് കോടി രൂപ നഷ്ടമായതിനെ കുറിച്ചും നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കെ.എസ്.ഇ.ബിക്ക് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തിയതിന്‍റെ ഭാരം സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണം. കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്ന സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം അഞ്ച് വര്‍ഷക്കാലമായി നടന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അതിന് കേരളത്തിലെ ജനങ്ങളെ ഇരകളാക്കാന്‍ പാടില്ല.

ഈ സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം റെഗുലേറ്ററി കമീഷനില്‍ നിന്നും പിന്‍വലിക്കണം. കോവിഡ് മഹാമാരിയിലും അതേത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലായ സാധാരണക്കാരെ ഇനിയും പീഡിപ്പിക്കരുതെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍ ഡോ. ബി. അശോകിന്‍റെ പ്രധാന ആക്ഷേപം. ‘കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല’ എന്ന തലക്കെട്ടില്‍ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് മുന്‍ ഇടത് സര്‍ക്കാറിന്‍റെ കാലത്ത് ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച്‌ ചെയര്‍മാന്‍ വെളുപ്പെടുത്തിയത്.

സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി തേടാതെയാണ് 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്ബള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്‍റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശം അനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്ന് കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.

ബോര്‍ഡില്‍ നടന്ന ഏതാനും കൊള്ളരുതായ്മകളെ കുറിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ബോര്‍ഡിന്‍റെ ഔദ്യോഗിക വാഹനം ഉപയോഗിയ്ക്കാന്‍ തീരെ അര്‍ഹതയില്ലാത്ത ഒരു അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വീട്ടില്‍ പോയി ബോര്‍ഡ് ലോഗ് ബുക്കില്‍ രേഖപ്പെടുത്തി തന്നെ വര്‍ഷങ്ങളോളം ഓടി. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡ് അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നല്‍കാന്‍ അനുമതി നല്‍കിയത്? നൂറു കണക്കിന് ഏക്കര്‍ സ്ഥലം ഫുള്‍ബോര്‍ഡോ സര്‍ക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വാണിജ്യ പാട്ടത്തിന് നല്‍കിക്കളഞ്ഞത്? കമ്ബനിയുടെ ഉത്തമ താല്‍പര്യമാണോ ഇതൊക്കെ? ഇതില്‍ നമുക്കുറപ്പുണ്ടോ? എനിക്കത്ര ഉറപ്പു പോരാ!

ചട്ടവിരുദ്ധമായ നിലപാട് ഫയലില്‍ എഴുതിച്ചേര്‍ത്ത ശേഷം “ഒപ്പിടെടാ” എന്നാക്രോശിക്കപ്പെട്ടപ്പോള്‍ വാവിട്ട് കരഞ്ഞു കൊണ്ട് സാധുവായ ഒരു ചീഫ് എഞ്ചിനീയര്‍ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെട്ടത് നമ്മളോര്‍ക്കണ്ടേ? ഇപ്പോഴും ആ അനുഭവം പറയുമ്ബോള്‍ പോലും ആ സാധു വിങ്ങിപ്പൊട്ടുന്നത്? നല്ല കോര്‍പ്പറേറ്റ് പ്രാക്ടീസിന്‍റെ ഉദാഹരണമാണോ ഇതൊക്കെ? ഇതില്‍ എന്താണ് കെ.എസ്.ഇ.ബി. യുടെ ‘കോര്‍ ബിസിനസ്’? ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഇത് തീരെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം.’ -ഡോ. ബി. അശോക് ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!