പരിശോധന വേണ്ട, കാശ് മാത്രം മതി; ഡ്രൈവിങ്ങ് ലൈസന്‍സിന് വ്യാജ കണ്ണുപരിശോധന സര്‍ട്ടിഫിക്കറ്റ്

ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും കൊടുക്കേണ്ട കണ്ണുപരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നത് വേണ്ടത്ര പരിശോധനകളില്ലാതെയെന്ന് ആക്ഷേപം. ഡ്രൈവിങ് സ്കൂളുകൾ നിർദേശിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുമ്പോഴാണ് വ്യാജസർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്ന ആരോപണമുയരുന്നു.
ചില ഡ്രൈവിങ് സ്കൂളുകൾ മുഖേന അപേക്ഷിക്കുമ്പോൾ സർട്ടിഫിക്കറ്റിനുള്ള കാശുമാത്രം നൽകിയാൽ മതി, പരിശോധനയ്ക്ക് ഹാജരാകേണ്ട ആവശ്യംപോലുമില്ല. ഇത്തരത്തിൽ വ്യാജസർട്ടിഫിക്കറ്റാണ് നൽകുന്നതെന്ന് അറിഞ്ഞിട്ടും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്.
ഓൺലൈൻ സംവിധാനമായതിനാൽ അപേക്ഷകർ കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഇത് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചശേഷം അനുമതി നൽകുകയാണ് പതിവ്. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ പരിശോധനനടത്താൻ മോട്ടോർ വാഹനവകുപ്പും തയ്യാറാകുന്നില്ല.
”ഞാൻ കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റിനായി ഡോക്ടറുടെ വീട്ടിൽപ്പോയി. വീടിനുള്ളിൽനിന്ന് ഒരു സ്ത്രീ വന്ന് ഡോക്ടറില്ലെന്ന് അറിയിച്ചു. കാര്യം പറഞ്ഞപ്പോൾ വീടിന്റെ മുൻഭാഗത്ത് ചുമരിൽ സ്ഥാപിച്ചിട്ടുള്ള ‘അക്ഷരങ്ങൾ കാണുന്നുണ്ടോ’ എന്നു ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതും ഉടൻ തിരിച്ചുപോയി സർട്ടിഫിക്കറ്റ് കൊണ്ടുവന്നുകൊടുത്തു. അപ്പോൾ ‘ഏത് ഡ്രൈവിങ് സ്കൂളാണ്’ എന്നു ചോദിക്കുകയും ചെയ്തു. പേരു പറഞ്ഞപ്പോൾ ശരിയെന്നു പറഞ്ഞ് ഉള്ളിലേക്ക് പോകുകയും ചെയ്തു” -പന്നിയങ്കര സ്വദേശിയായ ഒരു യുവതിയുടെ അനുഭവം.
ഇത്തരത്തിൽ വ്യാജസർട്ടിഫിക്കറ്റ് പരിശോധനയിൽ കണ്ടെത്തിയാൽപ്പോലും അത് തെളിയിക്കാൻ അപേക്ഷകരുടെ പിന്തുണ കിട്ടാറില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. ജില്ലയിലെ ആർ.ടി. ഓഫിസുകളിൽ ഒരു ദിവസം 2000-ത്തിലധികം അപേക്ഷകളാണ് എത്തുന്നത്. പരിശോധന നടത്താതെ സർട്ടിഫിക്കറ്റ് നൽകിയാൽ ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ കളക്ടർക്ക് സാധിക്കുമെന്ന് ആർ.ടി.ഒ. അധികൃതർ വിശദീകരിക്കുന്നു.
ശ്രദ്ധയിൽപ്പെട്ടാൽ നടപടി
ഓൺലൈൻ മുഖേനയാണ് കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയാലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. വ്യാജമാണെന്ന് തെളിയിക്കാൻ അപേക്ഷകരുടെ സഹായവും ഉണ്ടാവില്ല. ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും.

