നായാട്ട് സംഘത്തിൽ നിന്ന് 9 കള്ളത്തോക്കുകളും 94 വെടിയുണ്ടകളും 8 തിരകളും വനംവകുപ്പ് പിടികൂടി

കാസർകോട് ∙ കുന്നുംകൈ ഏച്ചിലാംകയത്ത് വേട്ടയ്ക്കുപയോഗിക്കുന്ന 9 നാടൻതോക്കുകളും 94 വെടിയുണ്ടകളും 8 തിരകളും വനംവകുപ്പ് പിടികൂടി. ഒരു പെട്ടി ഓട്ടോയിലും പിക്കപ്പ് വാനിലുമായി എത്തിയ സംഘത്തിൽ ഒരാളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മറ്റുളളവർ ഓടി രക്ഷപ്പെട്ടു. പെട്ടിക്കുണ്ട് കുണ്ടിയം കോളിവളപ്പിൽ കെ.വി.വിജയൻ(59) ആണ് പിടിയിലായത്. സ്വകാര്യ എസ്റ്റേറ്റിൽ മൃഗങ്ങളെ വേട്ടയാടാനായെത്തിയതായിരുന്നു ഇവരെന്ന് വനംവകുപ്പ് പറഞ്ഞു.
വിജയൻ
ഇന്നലെ വൈകിട്ടാണ് സംഭവം. രഹസ്യ വിവരത്തെത്തുടർന്ന് കാസർകോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ. 2 സംഘമായിട്ടായിരുന്നു പരിശോധന. വനംവകുപ്പ് സംഘം പിക്കപ്പ് വളഞ്ഞപ്പോൾ പിടിയിലായ വിജയൻ ഒഴികെയുള്ള 3 പേരും ഓടി രക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് പെട്ടി ഓട്ടോയിലുണ്ടായിരുന്ന സംഘവും ഓട്ടോ സഹിതം രക്ഷപ്പെട്ടു. വനംവകുപ്പിന്റെ ജീപ്പ് കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാൻ ജീപ്പിലിടിച്ച് അപകടമുണ്ടായി. വനംവകുപ്പ് ജീപ്പിന്റെ മുൻവശത്ത് കേടുപാട് സംഭവിച്ചു.
വലിയ 3 ഉണ്ടകൾ, ഇടത്തരം ഉണ്ടകൾ 30, ചെറിയ ഉണ്ടകൾ 61, തിരകൾ 8 എന്നിങ്ങനെയാണ് തോക്കുകൾക്കു പുറമേ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. ഈയം കൊണ്ട് നിർമിച്ചവയാണ് ഇവ.കാസർകോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി.രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഒ.സുരേന്ദ്രൻ, കെ.രാജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ശ്രീധരൻ, എം.ഹരി, ഭീമനടി സെക്ഷൻ ഓഫിസർ കെ.സി.മോഹൻകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രകാശൻ, റിസർവ് ഫോറസ്റ്റ് വാച്ചർ സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മറ്റു പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.

