വാഹനം ചോദിച്ചപ്പോൾ അധികൃതർ മുഖം തിരിച്ചു; സ്വന്തമായി വാഹനം വാങ്ങി കാർഷിക കേന്ദ്രം

പെരിയ ∙ വാഹനം വേണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിച്ചപ്പോൾ സ്വന്തമായി വാഹനം വാങ്ങി പെരിയ കാർഷിക സേവന കേന്ദ്രത്തിന്റെ ‘മധുര പ്രതികാരം’. 2015 ൽ ആരംഭിച്ച പെരിയയിലെ കാർഷിക സേവന കേന്ദ്രത്തിലേക്ക് ഒരു വാഹനം വേണമെന്ന ആവശ്യം വർഷങ്ങളായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിച്ചിരുന്നു. സ്ത്രീകളാണ് കേന്ദ്രത്തിലെ സേവനദാതാക്കളിൽ കൂടുതലും.
അവർ വിദൂര സ്ഥലങ്ങളിലെ നടീലും മറ്റ് കാർഷിക പ്രവൃത്തികളും കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരിക്കും. മിക്കപ്പോഴും ഓട്ടോ സൗകര്യം നൽകാറുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ വാടകയ്ക്ക് ഓട്ടോ പോലും കിട്ടാറില്ല. മാത്രമല്ല വസ്ത്രം മാറ്റുന്നതിന് പോലും പല സ്ഥലങ്ങളിലും അവർക്ക് സൗകര്യം ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം വാഹനം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വകുപ്പ് കനിഞ്ഞില്ല. ഒരുതരത്തിലും വാഹനം കിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് സ്വന്തമായി ഒരു ഇലക്ട്രിക് ഓട്ടോ വാങ്ങാൻ പെരിയ കാർഷിക സേവന കേന്ദ്രം കമ്മിറ്റി തീരുമാനിച്ചത്.
3,07500 രൂപ ചെലവിൽ ഓട്ടോ വാങ്ങി. അപ്പോഴേക്കും കേന്ദ്രത്തിലെ സേവന ദാതാക്കളിൽ 5 വനിതകൾ ഓട്ടോ ഓടിക്കാനും പഠിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഓട്ടോയുടെ താക്കോൽ കൈമാറി. പെരിയ കൃഷി ഓഫിസർ സി.പ്രമോദ് കുമാർ, പെരിയ കാർഷിക സേവന കേന്ദ്രം പ്രസിഡന്റ് എ.ഗോപിനാഥൻ നായർ, സെക്രട്ടറി എ.ജയചന്ദ്രൻ, ട്രഷറർ എ.കുഞ്ഞമ്പു നായർ, ഫെസിലിറ്റേറ്റർ കെ. എം.നബീസത്ത് ബീവി, കൃഷി അസിസ്റ്റന്റുമാരായ കെ.എസ്.ജയശ്രീ, സി.ഷീബ, എ.നിർമലകുമാരി എന്നിവർ പ്രസംഗിച്ചു.

