KSDLIVENEWS

Real news for everyone

ദേശീയപാത വികസനം: ജില്ലയിലെ ആദ്യ മേൽപാലം നിർമാണം തുടങ്ങി

SHARE THIS ON

കാസർകോട് ∙ ദേശീയപാത ആറു വരി വികസനത്തിന്റെ ഭാഗമായി പണിയുന്ന ജില്ലയിലെ ആദ്യ മേൽപാലം നിർമാണം തുടങ്ങി. കാസർകോട് കറന്തക്കാട് ആണ് ഇതിനു തുടക്കം കുറിച്ചത്. 30 തൂണുകൾ സഹിതം 1.12 കിലോ മീറ്റർ ദൂരത്തിലാണ് കറന്തക്കാട് മുതൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് അയ്യപ്പ സ്വാമി ക്ഷേത്രം വരെ ഫ്ലൈ ഓവർ നിർമിക്കുന്നത്.

5 പില്ലർ നിർമാണം നാളെയും മറ്റന്നാളുമായി ആരംഭിക്കും. കറന്തക്കാടും കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുമായി രണ്ട് അറ്റങ്ങളിൽ ടെസ്റ്റ് പൈലിങ് കഴിഞ്ഞാണ് ഫ്ലൈ ഓവർ ആദ്യ പില്ലർ പണി ഇന്നലെ തുടങ്ങിയത്. തലപ്പാടി –ചെങ്കള ആദ്യ റീച്ചിൽ ഉള്ള ഏക മേൽപാലം ആണ് ഇത്. രണ്ടര വർഷം കൊണ്ടാണ് ചെങ്കള– തലപ്പാടി റീച്ച് പാത വികസനം പൂർത്തിയാവുക. മേൽപാലം നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികളിൽ ആണ് അധികൃതർ.

മുകളിൽ 6 വരി പാതയും താഴെ നാലു വരി പാതയുമായിട്ടാണ് വാഹന ഗതാഗതം. ട്രാഫിക് തടസ്സം ഇല്ലാതെ വാഹനങ്ങൾക്കു കടന്നു പോകുന്നതിനു താൽക്കാലിക പാത ഒരുക്കിയാണ് നിർമാണം നടക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ നിർമൽ എം.സാഥെ സ്വിച്ച് ഓൺ ചെയ്തു. നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

ജില്ലയിൽ ആകെ 4 മേൽപാലങ്ങൾ

ജില്ലയിൽ ദേശീയ പാത വികസനത്തിൽ കാസർകോട് ഉൾപ്പെടെ 4 മേൽപാലങ്ങൾ ആണ് പദ്ധതിയിൽ ഉള്ളത്. ചെർക്കള, മാവുങ്കാൽ–പാണത്തൂ‍ർ റോഡ് ജംക്‌ഷൻ, കാഞ്ഞങ്ങാട് സൗത്ത് ജംക്‌ഷൻ എന്നിവിടങ്ങളിൽ ആണ് മറ്റുള്ള മേൽപാലങ്ങൾ നിർമിക്കുന്നത്. കാസർകോട് ഒഴികെയുള്ള 3 മേൽപാലവും മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാ സ്ട്രക്ചേഴ്സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. ഈ മേൽപാലങ്ങളുടെ നിർമാണം തുടങ്ങിയിട്ടില്ല. കാഞ്ഞങ്ങാട് സൗത്ത് ജംക്‌ഷനിലെ മേൽപാലമായിരിക്കും രണ്ടാമത് നിർമാണം തുടങ്ങുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!