KSDLIVENEWS

Real news for everyone

ചോരയില്‍ കുളിച്ച് നവദമ്പതിമാര്‍, നിരീക്ഷിച്ചത് 700 പേരെ; ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ പ്രതി

SHARE THIS ON

2018 ജൂലായ് ആറ് വെള്ളിയാഴ്ച, പതിവുപോലെ മകനും മരുമകളും താമസിക്കുന്ന വീട്ടിലെത്തിയതായിരുന്നു വയനാട് വെള്ളമുണ്ട 12-ാം മൈൽ സ്വദേശിനി ആയിഷ. പക്ഷേ, പതിവിലും വിപരീതമായിരുന്നു അന്ന് ആ വീട്ടിലെ കാഴ്ചകൾ. വീടിന്റെ പിറകിലെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടാണ് ആയിഷ വീടനകത്തേക്ക് കയറിയത്. എന്നാൽ ചോരയിൽ കുളിച്ചുകിടക്കുന്ന മകൻ ഉമ്മറി(27)ന്റെയും മരുമകൾ ഫാത്തിമ(19)യുടെയും മൃതദേഹങ്ങൾ കണ്ട് അവർ വാവിട്ടുകരഞ്ഞു. ബഹളം കേട്ടതോടെ സമീപവാസികളും ഓടിയെത്തി. ക്രൂരമായ ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞു. നാട് നടുങ്ങി.

ഉമ്മറും ഫാത്തിമയും വിവാഹിതരായിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. വെള്ളമുണ്ട-കുറ്റ്യാടി റോഡരികിലെ ഓടിട്ട പഴയവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. രാത്രി വൈകിയും വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡരികിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ മാത്രമായിരുന്നു ഈ വീട്. എന്നാൽ അന്ന് രാത്രി ആ വീട്ടിൽ നടന്ന അരുംകൊല മണിക്കൂറുകൾ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്.


Read Also: നാടിനെ ഞെട്ടിച്ച കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച…

ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങളടക്കം എട്ടുപവൻ സ്വർണവും മൊബൈൽഫോണും വീട്ടിൽനിന്ന് നഷ്ടപ്പെട്ടതായി അന്നുതന്നെ പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയനിലയിലുമായിരുന്നു.


മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തുടക്കത്തിലേ സംശയിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നില്ല. വീട്ടിലെ ആഭരണങ്ങളും പണവും മുഴുവനും നഷ്ടപ്പെടാതിരുന്നതാണ് പോലീസിനെ കുഴക്കിയത്. മാത്രമല്ല, ലളിതമായ ജീവിതം നയിക്കുന്ന, ആരോടും ശത്രുതയില്ലാത്ത ഉമ്മറിനെയും ഫാത്തിമയെയും എന്തിന് വേണ്ടി കൊലപ്പെടുത്തണം എന്ന ചോദ്യവും ഉയർന്നു.

Mathrubhumi Malayalam Newsപ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ. ഫയൽചിത്രം/മാതൃഭൂമി
ആദ്യ ആഴ്ചകളിൽ കേസിൽ ഒരു തുമ്പും കിട്ടാതെ പോലീസ് അലഞ്ഞു. ഇതോടെ നാട്ടിൽ പലവിധ അഭ്യൂഹങ്ങളും ഉയർന്നു. പോലീസിനെതിരേയും പ്രതിഷേധങ്ങളുണ്ടായി. എന്നാൽ സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ച പോലീസ്, മോഷണശ്രമം തന്നെയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഉറപ്പിച്ചു. പ്രതി ആര് എന്നത് മാത്രമായിരുന്നു അടുത്ത ചോദ്യം.

നിരീക്ഷിച്ചത് 700-ഓളം പേരെ, പ്രതി വലയിൽ…


കണ്ടത്തുവയൽ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് 700-ഓളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും സമാനകേസുകളിൽ പ്രതികളായവരും ജയിലുകളിൽനിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരും ഈ പട്ടികയിലുണ്ടായിരുന്നു കേസിലെ പ്രതിയായ വിശ്വനാഥനും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

കുറ്റ്യാടി, തൊട്ടിൽപ്പാലം, ചൊക്ലി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായിരുന്നു വിശ്വനാഥൻ. മോഷണവും വീടുകളിൽ ഒളിഞ്ഞുനോട്ടവും പതിവാക്കിയ ഇയാൾ, വെള്ളമുണ്ട, മാനന്തവാടി ഭാഗങ്ങളിൽ ലോട്ടറി കച്ചവടം ചെയ്തിരുന്നതായും പോലീസ് മനസിലാക്കി. ഇതിനിടെയാണ് വിശ്വനാഥനെക്കുറിച്ചുള്ള മറ്റുചില നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചത്.

Mathrubhumi Malayalam Newsപ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ സ്ഥലത്തെത്തിയ ഉമ്മറിന്റെ മാതാവ് ആയിഷ. ഫയൽചിത്രം/മാതൃഭൂമി
വിശ്വനാഥൻ അടുത്തിടെ സാമ്പത്തിക ബാധ്യതകളെല്ലാം തീർത്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മോഷണംപോയ മൊബൈൽ ഫോൺ വിശ്വനാഥന്റെ വീട്ടിൽനിന്ന് അബദ്ധത്തിൽ ഓൺ ചെയ്തതും അന്വേഷണത്തിൽ നിർണായകമായി. ഇതോടെ വിശ്വനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് തൊട്ടിൽപ്പാലം ദേവർകോവിലിൽനിന്ന് പ്രതിയെ പിടികൂടിയത്.ചോദ്യംചെയ്യലിൽ നവദമ്പതിമാരെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു.


മോഷണശ്രമം ചെറുത്തപ്പോൾ അടിച്ചുകൊന്നു

സംഭവദിവസം വിശ്വനാഥൻ പന്ത്രണ്ടാം മൈലിലാണ് ബസ്സിറങ്ങിയത്. ഇവിടെയുള്ള വീട്ടിൽ ലൈറ്റുകണ്ട് കയറിയപ്പോൾ വാതിൽ അടച്ചിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.

ശബ്ദംകേട്ടുണർന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി. തലയിൽ പിടിച്ചമർത്തി മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടിവിതറി രക്ഷപ്പെടുകയായിരുന്നുവെന്ന് വിശ്വനാഥൻ പോലീസിനോട് പറഞ്ഞു.


Mathrubhumi Malayalam Newsപ്രതി വിശ്വനാഥനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ(ഇടത്ത്) കൊലപാതകം നടന്ന വീട്(വലത്ത്). ഫയൽചിത്രം/മാതൃഭൂമി
ആഭരണങ്ങൾ കുറ്റ്യാടിയിലെ സേട്ടുവിന്റെ കടയിൽ വിറ്റതായി പോലീസ് കണ്ടെത്തി. കൊല്ലാനുപയോഗിച്ച കമ്പിവടിയും തെളിവെടുപ്പിനിടെ ലഭിച്ചു.മൊബൈൽ ഫോൺ വിശ്വനാഥന്റെ വീട്ടിൽനിന്നും ആഭരണങ്ങൾ കുറ്റ്യാടിയിലെ ജൂവലറിയിൽനിന്നും കണ്ടെടുത്തു.

വിചാരണ തുടങ്ങിയത് 2020-ൽ

മോഷണശ്രമം ചെറുത്തപ്പോൾ പ്രതി നവദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. കേസിൽ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്. ഒടുവിൽ 2022 ഫെബ്രുവരി രണ്ടാംവാരത്തോടെ കേസിൽ വാദം പൂർത്തിയായി. 2022 ഫെബ്രുവരി 19-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. കേസിലെ ശിക്ഷാവിധി ഫെബ്രുവരി 21 തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് കേസിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!