സ്വപ്നയുടെ ശബ്ദരേഖാ വിവാദം: വനിതാ പോലീസുകാർക്കെതിരേ നടപടിക്കായി ഇ.ഡി. ഡി.ജി.പി.യെ സമീപിക്കും

കൊച്ചി:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ മൊഴിനൽകിയ വനിതാ പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇ.ഡി
പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവർതന്നെ അന്വേഷണ ഏജൻസിയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നൽകും.
പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയൻ, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോൾ എന്നീ സിവിൽ പോലീസ് ഓഫീസർമാരാണ് ഇ.ഡി.ക്കെതിരേ മൊഴി നൽകിയത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോൺ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവർ മൊഴി നൽകിയത്. ഇത് ക്രിമിനൽ ചട്ടപ്രകാരം രഹസ്യം ചോർത്തലിൽ ഉൾപ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്. ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് സ്വപ്നയ്ക്ക് പരാതിപ്പെടാം. ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ സമ്മർദം ചെലുത്തി എന്നത് നിയമപരമായി നിലനിൽക്കുന്ന ഒന്നല്ല. സുരക്ഷയ്ക്ക് സംസ്ഥാന പോലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനും ഇ.ഡി. തീരുമാനിച്ചിട്ടുണ്ട്

