വൈഗ കൊലക്കേസില്‍ തെളിവെടുപ്പ് തുടങ്ങി; സനുമോഹനുമായി പോലീസ് സംഘം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയിൽ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്. ഇതിനുശേഷം മുട്ടാർ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തും. മകൾ വൈഗയെ ഫ്ളാറ്റിൽവെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാർ പുഴയിൽ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാൽ ഫ്ളാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്. മാത്രമല്ല, ഫ്ളാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇത് സനുവിന്റെതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതോടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ. സനു ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും കേസിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെ സനു പറഞ്ഞതൊന്നും പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ സനുമോഹനെ പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈ കാലയളവിൽ പ്രാഥമിക തെളിവെടുപ്പും വിശദമായ ചോദ്യംചെയ്യലും നടത്തി കേസിലെ ദുരൂഹതകൾ നീക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ

