കെ.എം ഷാജിയുടെ ഭാര്യയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്. വീടുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത രേഖകൾ പലതും ഷാജിയുടെ ഭാര്യയുടെ പേരിൽ കൂടി ആയതിനാലാണ് തീരുമാനം. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്താൻ PWD യോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തിങ്കളാഴ്ചയാണ് കെ.എം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച രാത്രിയോടെയും അഴീക്കോട്ടെ പരിശോധന ചൊവ്വാഴ്ച ഉച്ചയ്ക്കുമാണ് പൂർത്തിയായത്.
ഷാജിയുടെ വീട്ടിൽനിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ രേഖകളിൽ പലതും ഭാര്യയുടെ പേരിലാണ്.
ഷാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത 50 പവൻ സ്വർണവും വിദേശ കറൻസിയും വിജിലൻസ് സംഘം തിരികെനൽകി. ഇതിൽ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഇവ തിരികെനൽകിയത്. വിദേശകറൻസി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു.
രേഖകളിൽ കോടതിയിൽ നിന്ന് ലഭിച്ച ശേഷം കെ.എം.ഷാജിയെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

