ക്ഷാമത്തിനിടയിലും പ്രവര്ത്തനക്ഷമമാവാതെ 4 പൊതുമേഖല വാക്സിന് നിര്മ്മാണ കേന്ദ്രങ്ങള്

ചെന്നൈ: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്നു മുതൽ നൽകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് മരുന്നു നിർമ്മാണ കമ്പനികളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പക്ഷേ, വാക്സിൻ എവിടെ എന്ന ചോദ്യമാണ് രാജ്യത്തെമ്പാടുനിന്നും ഉയരുന്നത്. കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ വേണമെന്നാണ് കേരള സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറയുന്നത്.
വിഭ വാർഷ്നി
വാക്സിൻ നിർമ്മാണത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ പൊതുമേഖല കമ്പനികളെ പങ്കാളികൾ ആക്കേണ്ടിയിരുന്നുവെന്ന് ഡൗൺ ടു എർത്ത് മാഗസിൻ അസോസിയേറ്റ് എഡിറ്റർ വിഭ വാർഷ്ണി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കോവിഡ് 19 വാക്സിൻ നിർമ്മാണവും ലഭ്യതയുമായി ബന്ധപ്പെട്ട് അടുത്തിടെ ഡൗൺ ടു എർത്ത് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിന്റെ ലീഡ് റൈറ്റർ കൂടിയാണ് വിഭ. ”നമ്മൾ നമ്മുടെ തന്നെ സ്വന്തം പൊതുമേഖല സ്ഥാപനങ്ങളെ കൂടുതലായി വിശ്വാസത്തിൽ എടുക്കേണ്ടിയിരിക്കുന്നു. വാക്സിൻ നിർമ്മാണശേഷിയുള്ള നാല് പ്രമുഖ പൊതുമേഖല സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തനക്ഷമമല്ല.” വിഭ ചൂണ്ടിക്കാട്ടി.
നിലവിൽ രണ്ട് കമ്പനികളാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ഭാരത് ബയോടെക്കും. ബ്രിട്ടിഷ് – സ്വീഡിഷ് ബഹുരാഷ്ട്ര മരുന്ന് നിർമ്മാണ കമ്പനിയായ അസ്ട്രസെനക്കയുടെ സഹകരണത്തോടെയാണ് പൂണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് നിർമ്മിക്കുന്നത്. ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിൻ നിർമ്മിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ആണ് ഭാരത് ബയോടെക്കിന് വാക്സിൻ നിർമ്മാണ ലൈസൻസ് നൽകിയിരിക്കുന്നത്. എന്തുകൊണ്ട് ഐ.സി.എം.ആർ. ഈ ഒരു കമ്പനി മാത്രം തിരഞ്ഞെടുത്തു എന്നത് വ്യക്തമല്ലെന്ന് വിഭ വാർഷ്നി പറയുന്നു. ”പൊതുമേഖലയിലുള്ള കമ്പനികളെ കൊവാക്സിൻ നിർമ്മാണത്തിൽ പങ്കാളികളാക്കിയിരുന്നെങ്കിൽ ഇന്നനുഭവപ്പെടുന്ന ക്ഷാമം വലിയൊരു പരിധി വരെ ഒഴിവാക്കാമായിരുന്നു.”
ഇന്ത്യയ്ക്ക് വാക്സിൻ നിർമ്മാണ മേഖലയിൽ മേൽക്കൈ നേടിക്കൊടുത്ത മൂന്ന് പ്രമുഖ പൊതുമേഖല സ്ഥാപനങ്ങൾ – ഹിമാചൽപ്രദേശിൽ കസൗളിയിലുള്ള സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ ഗിണ്ടിയിലുള്ള ബിസിജി വാക്സിൻ ലബോറട്ടറി, നീലഗിരിയിലെ കൂനൂരിലുള്ള പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ എന്നിവ ഇപ്പോൾ പ്രവർത്തനക്ഷമമല്ല. ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസസ് (ജി.എം.പി.) പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2008-ലാണ് ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയത്.
അന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന പി.എം.കെ. നേതാവ് അൻപുമണി രാമദാസിന് സ്വകാര്യ മരുന്നു നിർമ്മാണ കമ്പനികളുമായുള്ള വഴിവിട്ട ബന്ധമാണ് ഈ നടപടിക്ക് കാരണമായതെന്ന് ആരോപണമുണ്ടായിരുന്നു. ഈ സ്ഥാപനങ്ങൾ പുനരുദ്ധരിക്കുന്നതിന് 2012-ൽ നീക്കമുണ്ടായെങ്കിലും വാക്സിൻ നിർമ്മാണത്തിലേക്ക് തിരിച്ചെത്താൻ ഇവയ്ക്കായിട്ടില്ല.
തമിഴ്നാട്ടിലെ ചെങ്കൽപെട്ടിലുള്ള എച്.ബി.എൽ. ഇന്റ്രേഗറ്റഡ് വാക്സിൻ കോംപ്ലക്സാണ് പ്രവർത്തനക്ഷമമല്ലാത്ത നാലാമെത്ത പൊതുമേഖല സ്്ഥാപനം. പ്രതിമാസം അഞ്ച് കോടി ഡോസ് വാക്സിൻ നിർമ്മിക്കാൻ ശേഷിയുള്ള ഈ സ്ഥാപനം 2016-ൽ നിലവിൽ വന്നെങ്കിലും ഇപ്പോൾ ഇവിടെ നിർമ്മിക്കുന്നത് സാനിറ്റൈസർ മാത്രമാണ്. നൂറേക്കറിലായി സ്ഥിതി ചെയ്യുന്ന ഈ വാക്സിൻ നിർമ്മാണകേന്ദ്രത്തിൽ വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് താൽപര്യമുള്ള സ്വകാര്യ കമ്പനികളിൽനിന്ന് കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ ജനുവരിയിൽ അപേക്ഷകൾ ക്ഷണിച്ചിരുന്നു. പക്ഷേ, വാക്സിൻ നിർമ്മാണത്തിൽ ഈ നിമിഷം വരെ ഇവിടെ പുരോഗതിയുമുണ്ടായിട്ടില്ല.
കോവിഡ് 19-ന്റെ ആക്രമണമുണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും ഈ പൊതുമേഖല സ്ഥാപനങ്ങൾ നിഷ്ക്രിയമായി തുടരുന്നതിനെയാണ് ആരോഗ്യ പരിപാലന മേഖലയിലെ വിദഗ്ധർ ചോദ്യം ചെയ്യുന്നത്. ചെങ്കൽപെട്ടിലെ എച്.ബി.എൽ. ഐ.വി.സി. ഇനിയും വാക്സിൻ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്താത്തത് ക്രിമിനൽ കുറ്റമാണെന്ന് തമിഴ്നാട് ഹെൽത്ത് ഡവലപ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ റെക്സ് സർഗുണം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ”നിലവിൽ ഇവിടെയുള്ള 275 ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും കിട്ടാത്ത അവസ്ഥയാണ് . സ്വകാര്യമേഖലയെ വളർത്തുന്നതിനിടയിൽ പൊതുമേഖല തകരുന്നതിനുള്ള കൃത്യമായ ഉദാഹരണമാണ് ഈ സ്ഥാപനം.”
കോവിഡ് 19-ന്റെ രണ്ടാം വ്യാപനം രൂക്ഷമാവുന്നതിനിടയിൽ മൂന്ന് പൊതുമേഖല സ്ഥാപപനങ്ങളെ വാക്സിൻ നിർമ്മാണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ ഹാഫ്ക്കൈൻ ബയോ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, ഹൈദരാബാദിലെ ഇന്ത്യൻ ഇമ്മ്യുണോളജിക്കൽ ലിമിറ്റഡ്, ബുലന്ദ്ഷെഹറിലെ ഭാരത് ഇമ്മ്യൂണോളജിക്കൽ ആന്റ് ബയോളജിക്കൽസ് ലിമിറ്റഡ് എന്നിവയെയാണ് പുതുതായി വാക്സിൻ നിർമ്മാണ സംരംഭത്തിൽ കേന്ദ്ര സർക്കാർ പങ്കാളികളാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ തനത് വാക്സിനായ കൊവാക്സിനായിരിക്കും ഈ കമ്പനികൾ നിർമ്മിക്കുക. എന്നാൽ ഇവയിലെ നിർമ്മാണ സംവിധാനം നവീകരിക്കേണ്ടി വരുമെന്നതിനാൽ വാക്സിൻ നിർമ്മാണത്തിന് ഇനിയും സമയമെടുത്തേക്കുമെന്ന് വിഭ ചൂണ്ടിക്കാട്ടി. ”ഈ പട്ടികയിലും നമ്മൾ നേരത്തെ പറഞ്ഞ നാല് പൊതുമേഖല സ്ഥാപനങ്ങൾ ഉൾപെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.” വിഭ പറഞ്ഞു.
വാക്സിൻ നിർമ്മാണത്തിലും വിതരണത്തിലും കൂടുതൽ സുതാര്യത ഉണ്ടാവേണ്ടതുണ്ടെന്ന് വിഭ പറയുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം വാക്സിൻ വില കൂടുന്നതിന് കാരണമായേക്കില്ല. ”വാക്സിൻ വില നിശ്ചയിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. പൊതുമേഖലയിൽ വാക്സിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ട്.” പൊതുമേഖല സ്ഥാപനങ്ങളെ കൂടുതലായി വാക്സിൻ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിലൂടെ മാത്രമേ വാക്സിൻ നിർമ്മാണത്തിൽ ആഗോളതലത്തിൽ കൈവരിച്ച മേൽക്കൈ തുടർന്നും നിലനിർത്താൻ ഇന്ത്യയ്ക്കാവുകയുള്ളുവെന്ന് വിഭ ചൂണ്ടിക്കാട്ടുന്നു.

