സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ശമ്പള വർദ്ധനവ് കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശയിൽ എങ്ങനെ കോടതിക്ക് ഇടപെടാൻ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ഹർജി തള്ളികൊണ്ട് ആരാഞ്ഞു.
ഔർ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ ഓഫ് പീപ്പിൾ എന്ന സംഘടനയാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിൽ പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
എന്നാൽ ശമ്പള കമ്മീഷന്റെ റിപ്പോർട്ട് കേവലം ശുപാർശ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ശുപാർശ അംഗീകരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകാൻ കോടതിക്ക് കഴിയില്ല. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ശമ്പള വർദ്ധനവ് പെൻഷൻ മുതലായ വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
ശമ്പള, പെൻഷൻ വർദ്ധനവുകൾ തടയണമെന്ന് ആവശ്യപ്പെട്ട് ഔർ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ ഓഫ് പീപ്പിൾ നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.

