KSDLIVENEWS

Real news for everyone

നിലവിളി കേട്ട് ഉണര്‍ന്നു, വാതില്‍ തുറന്നപ്പോള്‍ വെട്ടേറ്റുകിടക്കുന്നു’; വീട്ടുമുറ്റത്തിട്ട് അരുംകൊല

SHARE THIS ON

തലശ്ശേരി: പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചുപേരടങ്ങുന്ന സംഘമെന്ന് സഹോദരന്‍. പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്നും ഹരിദാസന്റെ നിലവിളി കേട്ടാണ് സംഭവമറിഞ്ഞതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

”ഹരിദാസന്‍ പണിക്ക് പോയിട്ട് വരാത്തതിനാല്‍ ഞാന്‍ ഇവിടെയുണ്ടായിരുന്നു. ഒന്നരമണിയോടെ ഉറങ്ങിപ്പോയി. അപ്പോള്‍ ഒച്ച കേട്ടാണ് വാതില്‍തുറന്നുനോക്കിയത്. വെട്ടിയിട്ട് ആള്‍ക്കാര്‍ പോകുന്നതാണ് കണ്ടത്. ഹരിദാസന്‍ വെട്ടേറ്റ് നിലത്തുകിടക്കുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തിനെ വിളിച്ച് വണ്ടിയില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു’, സഹോദരന്‍ പറഞ്ഞു.

അക്രമിസംഘത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത് നിസ്സാരപ്രശ്‌നങ്ങള്‍ മാത്രമായിരുന്നെന്നും സഹോദരന്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സജീവ സി.പി.എം. പ്രവര്‍ത്തകനായ കൊരമ്പയില്‍ താഴെകുനിയില്‍ ഹരിദാസനെ (54) ഒരു സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വരുമ്പോള്‍ വീടിന് മുന്നില്‍ പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഇടതുകാല്‍ വെട്ടിമാറ്റുകയും ചെയ്തു. വെട്ടിമാറ്റിയ കാല്‍ പിന്നീട് പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.

മൃതദേഹം നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം വിലാപയാത്രയായി പുന്നോലിലെ വീട്ടില്‍ എത്തിക്കും. വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹിയിലും സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. അതേസമയം, കൊലപാതകത്തില്‍ ബി.ജെ.പി.ക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റും പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, തലശ്ശേരി എ.എസ്.പി. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!