KSDLIVENEWS

Real news for everyone

ടിപി കേസ്: കീഴടങ്ങിയ പ്രതികളില്‍ കെ.കെ. കൃഷ്ണന്‍ ജയിലില്‍, ജ്യോതിബാബു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

SHARE THIS ON

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് കീഴടങ്ങിയ പ്രതികളിൽ ജ്യോതിബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കെ.കെ കൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും മാറ്റി. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും മാറാട് പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്.  ജ്യോതിബാബു ആംബുലൻസിലെത്തിയാണ് കോടതിയിൽ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധിവന്ന് പത്തുവർഷത്തിനുശേഷമാണ് സി.പി.എം. മുൻ ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ, കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബു എന്നിവർക്ക് കുരുക്ക് വീണത്. വിചാരണക്കോടതി വെറുതേവിട്ടവർക്കെതിരേ കെ.കെ. രമ നൽകിയ അപ്പീലിലാണ് ഇവരെ ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതോടെ ടി.പി. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ഏഴുപേരിൽ അഞ്ചുപേരും കുറ്റക്കാരായി. അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കൃഷ്ണൻ പത്താം പ്രതിയായിരുന്നു. ജ്യോതിബാബു 12-ാം പ്രതിയും. ഇവർ ഉൾപ്പെടെ ഏഴാളുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതിൽ എട്ടാംപ്രതി കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ്, 13-ാം പ്രതി പി.കെ. കുഞ്ഞനന്തൻ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചു. പി. മോഹനൻ, സി.എച്ച്. അശോകൻ, കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവരെ വെറുതേവിട്ടു.  മേയ് നാലിനാണ് ആര്‍.എം.പി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തി എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!