ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടം ഒന്നിച്ച് നടത്തണമെന്ന് നിരീക്ഷകര്‍

കൊൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങൾ ഒന്നിച്ച് നടത്തിയേക്കുമെന്ന് സൂചന. ഏപ്രിൽ 26,29 തിയതികളിലായി നടക്കുന്ന അവസാന രണ്ടു ഘട്ടങ്ങൾ ഒന്നിച്ച് നടത്താൻ തിരഞ്ഞെടുപ്പ് നിരീക്ഷകർ കമ്മീഷനോട് ശുപാർശ ചെയ്തതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിന് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കേണ്ടി വരുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി.
ഹിന്ദുസ്ഥാൻ ടൈംസാണ് തിരഞ്ഞെടുപ്പ് നിരീക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്ന് ഭരണകക്ഷിയായ തൃണമൂൽ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഴ്, എട്ട് ഘട്ടങ്ങൾ ഒന്നിച്ച് നടത്താൻ ബംഗാളിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അജയ് നായക്, വിവേക് ദുബെ എന്നിവർ കഴിഞ്ഞ ആഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 43 സീറ്റുകളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.
‘നിലവിൽ 1000 കമ്പനി കേന്ദ്രസേനയേയാണ് ബംഗാളിൽ വിന്യസിച്ചിട്ടുള്ളത്. അടുത്ത ഘട്ട തിരഞ്ഞെടുപ്പ് വളരെ അടുത്തായതിനാൽ അതിൽ ഒന്നും ചെയ്യാനാകില്ല. കോവിഡിന്റെ ഗൗരവ സാഹചര്യത്തിൽ അവസാന രണ്ടു ഘട്ടങ്ങൾ ഒരുമിച്ച് നടത്താവുന്നതാണ്. എന്നാൽ സുരക്ഷയ്ക്കായി 500 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിക്കേണ്ടി വരും’ തിരഞ്ഞെടുപ്പ് നിരീക്ഷക വൃത്തങ്ങൾ അറിയിച്ചു.
ബംഗാൾ ചീഫ് ഇലക്ടർ ഓഫീസറുടെ കാര്യാലയത്തിലെ 25 പേർക്കും രണ്ടു സ്ഥാനാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതായും നിരീക്ഷകർ അയച്ച കത്തിൽ പറയുന്നുണ്ട്.

