ട്രംപ് നടപ്പാക്കിയ മുസ്ലിം വിരുദ്ധ നിയമങ്ങള്‍ തള്ളി യു.എസ് സഭ

വാഷിങ്ടൺ: ട്രംപ് നടപ്പാക്കിയ കടുത്ത മുസ്ലിം വിരുദ്ധ നിയമങ്ങൾ വേണ്ടെന്നുവെച്ച് യു.എസ് സഭ. മതം അടിസ്ഥാനമാക്കി രാജ്യേത്തക്ക് പ്രവേശന വിലക്ക് നടപ്പാക്കാൻ അനുമതി നൽകുന്ന നിയമമാണ് അവസാനമായി പ്രതിനിധി സഭ റദ്ദാക്കിയത്. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽനിന്ന് യു.എസിലേക്ക് പ്രവേശനം മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിലക്കിയിരുന്നു. ഇതോടെ, ഈ രാജ്യങ്ങളിൽനിന്ന് കുടിയേറിയ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. അവധിക്ക് കുടുംബാംഗങ്ങൾ നാട്ടിലേക്ക് പോയി തിരിച്ചുവരുന്നതുൾപ്പെടെ വിലക്കിെൻറ പരിധിയിൽവന്നു. മുസ്ലിംകൾക്കും ആഫ്രിക്കക്കാർക്കുമെതിരെ അക്രമ സംഭവങ്ങൾ വർധിക്കാനും ഇതു കാരണമായി. നിയമം വംശീയവാദികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ‘വിലക്കില്ലാ നിയമം’ 218-208 വോട്ടിന് പ്രതിനിധി സഭ പാസാക്കിയത്. സെനറ്റ് കൂടി കടന്നാലേ നിയമമാകൂ. ട്രംപ് നടപ്പാക്കിയ യാത്ര വിലക്ക് നേരത്തെ പ്രസിഡൻറ് ജോ ബൈഡൻ ജനുവരി 20ന് റദ്ദാക്കിയിരുന്നു. 2017ൽ അധികാരമേറി ഏറെ വൈകും മുമ്പാണ് ട്രംപ് വിലക്ക് നടപ്പാക്കിയിരുന്നത്. രണ്ടുവട്ടം യു.എസ് കോടതികൾ തള്ളിയിട്ടും ദേശീയ സുരക്ഷ നടപടിയെന്നു കാണിച്ച് സുപ്രീം കോടതിയിൽനിന്ന് അന്തിമ അംഗീകാരം നേടിയെടുക്കുകയായിരുന്നു. സിറിയ, ഇറാൻ, യെമൻ, സൊമാലിയ, ലിബിയ രാജ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഉത്തര കൊറിയ, വെനിസ്വേല, മ്യാന്മർ, എറിത്രീയ, കിർഗിസ്താൻ, നൈജീരിയ, സുഡാൻ, താൻസനിയ രാജ്യങ്ങളെ കൂടി പിന്നീട് ഘട്ടംഘട്ടമായി വിലക്കി.

