സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വധിച്ച കേസില്‍ വഴിത്തിരിവ്; പോലീസുകാരനെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസുകാരനെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതക ദിവസം ഒന്നാം പ്രതി ലിജേഷുമായി സംസാരിച്ചതിനാണ് നടപടി.
സംഭവദിവസം രാത്രി ഒരുമണിയോടെ ലിജേഷുമായി സുരേഷ് സംസാരിച്ചിരുന്നു. എന്നാല്‍ ഗോപാല്‍ബേട്ടയിലുള്ള മണി എന്ന സുനേഷിനെയാണ് വിളിച്ചതെന്നും സുരേഷിന്റെ പേരും മണി എന്ന് സേവ് ചെയ്തതിനാല്‍ കോള്‍ മാറിപ്പോയതാണെന്നാണ് ലിജേഷ് പോലീസിനോട് പറഞ്ഞത്. ലിജേഷിന്റെ ബന്ധുകൂടിയാണ് സുരേഷ്. എന്നാല്‍ ഫോണ്‍ചെയ്ത വിവരം സുരേഷ് നിഷേധിച്ചു. തുടര്‍ന്ന് ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ നാല് മിനുട്ടിലധികം ഇരുവരും സംസാരിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് ചോദ്യം ചെയ്തത്.
സി.പി.എം. പ്രവര്‍ത്തകന്‍ കോടിയേരിയിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ സംഭവദിവസം ഒന്നാംപ്രതിയുമായി സംസാരിച്ചു ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ നാലുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കെ. ലിജേഷ്, കെ.വി. വിമിന്‍ (26), അമല്‍ മനോഹരന്‍ (28), സുനേഷ് (മണി-38) എന്നിങ്ങനെ നാലംഗ അക്രമിസംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ലിജേഷ് ആണ് കേസിലെ ഒന്നാം പ്രതി. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട കാര്യം സുനേഷ് ലിജേഷിനെ വിളിച്ചുപറഞ്ഞു. ലിജേഷാണ് ഈ വിവരം കൊലയാളിസംഘത്തിന് കൈമാറിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഹരിദാസനൊപ്പം കടലില്‍ പോയിരുന്ന തൊഴിലാളിയാണ് സുനേഷ്. സംഭവദിവസവും ഇയാള്‍ കടലില്‍ പോയിരുന്നു. ഹരിദാസന്‍ വീട്ടിലേക്ക് പുറപ്പെട്ട വിവരം ലഭിച്ചശേഷമാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം കണ്ടെത്താനും പോലീസ് അന്വേഷണം തുടങ്ങി.ഹരിദാസന്‍ കടലില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീട്ടുമുറ്റത്തുവെച്ചാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

