KSDLIVENEWS

Real news for everyone

കൊയിലാണ്ടിയിൽ സി.പി.എം. ലോക്കൽ സെക്രട്ടറി വെട്ടേറ്റുമരിച്ചു; പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

SHARE THIS ON

കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിൽ കീഴടങ്ങിയതായി പോലീസ് അറിയിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.


ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന. ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും കാട്ടുന്നതായി പോലീസ് അറിയിച്ചു.

സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ്‌ കോംപ്ലക്സ് മാനേജരാണ്‌. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!