KSDLIVENEWS

Real news for everyone

കുടുംബം മകളുടെ മൃതദേഹം കാത്ത് ആശുപത്രിയില്‍; മള്‍ട്ടിപ്ലക്‌സില്‍ ത്രില്ലര്‍ സിനിമ കണ്ട് സനുമോഹന്‍

SHARE THIS ON

കാക്കനാട്: പോസ്റ്റ്മോർട്ടത്തിനു ശേഷം മകൾ വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്കു മുന്നിൽ വിങ്ങലോടെ കാത്തിരിക്കുമ്പോൾ കോയമ്പത്തൂരിൽ മൾട്ടിപ്ലക്സ് തിയേറ്ററിൽ പുതുതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമ ആസ്വദിക്കുകയായിരുന്നു സനു മോഹൻ. മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളം വിട്ട സനു കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സർവ ലഹരികളും നുണയുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സിനിമ കണ്ടതു കൂടാതെ, ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി സനു മോഹൻ അടിച്ചുപൊളിച്ചു. മകൾ വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബം. കേരളം വിട്ട ശേഷമുള്ള ആർഭാട ജീവിതത്തെ കുറിച്ച് സനു മോഹൻ തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നിൽ മനസ്സു തുറന്നത്. മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തിൽനിന്ന് പിന്നോട്ട് നയിച്ചില്ലെന്നും ഇതേക്കുറിച്ചോർത്ത് ഉത്കണ്ഠപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സനു പലപ്പോഴും ഒരു ‘സൈക്കോ’യെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് പോലീസുദ്യോഗസ്ഥർ പറയുന്നു. അന്വേഷണ സംഘത്തിന് ഡി.ജി.പി.യുടെ പാരിതോഷികം
കാക്കനാട്: മകളെ കൊലപ്പെടുത്തിയ ശേഷം ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ സനു മോഹനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. കർണാടകയിലെ കാർവാറിൽനിന്ന് ഇയാളെ പിടികൂടി നാട്ടിലെത്തിച്ചവർക്കും അന്വേഷണത്തിൽ ഭാഗമായവർക്കുമുൾപ്പെടെയാണിത്. നേരത്തെ അന്വേഷണ സംഘാംഗങ്ങൾക്ക് സിറ്റി പോലീസ് കമ്മിഷണർ സി. നാഗരാജു ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചിരുന്നു. കേസിൽ വളരെ പെട്ടെന്ന് ഇടപെടൽ നടത്തുന്നതിൽ മുഴുവൻ ടീമംഗങ്ങളും പരിശ്രമിച്ചിട്ടുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. കേസിന്റെ സ്വഭാവം വ്യത്യസ്തമായതുകൊണ്ട് വളരെ രഹസ്യമായാണ് അന്വേഷണം നടന്നത്. എല്ലാ ക്രെഡിറ്റും ടീമംഗങ്ങൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊച്ചി സിറ്റി പോലീസിന്റെ കീഴിലുള്ള ടീമാണ് കാർവാറിൽനിന്ന് സനുവിനെ പിടികൂടി കൊണ്ടുവന്നതെങ്കിലും കർണാടക പോലീസാണ് ഇയാളെ പിടികൂടിയതെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, കാർവാർ ബീച്ചിൽ പുലർച്ചെ ഒറ്റയ്ക്കു നിൽക്കുകയായിരുന്ന സനുവിനെ പിടികൂടുന്നതിന്റെ വീഡിയോ സഹിതം പുറത്തുവിട്ടാണ് അന്വേഷണ സംഘം ഇതിന് മറുപടി നൽകിയത്. കാർ തൃക്കാക്കര സ്റ്റേഷനിലെത്തിച്ചു; സനുവുമായി സേലത്തേക്ക്
കാക്കനാട്: സനു മോഹനെ കോയമ്പത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് അന്വേഷണ സംഘം പൂർത്തിയാക്കി. ഇവിടെയായിരുന്നു ഇയാൾ കൂടുതൽ ദിവസം ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ െവച്ച് വിറ്റ കാറും വൈഗയുടെ സ്വർണവും പ്രതിയുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം വ്യാഴാഴ്ച തന്നെ കസ്റ്റഡിയിലെടുത്തു. 45,000 രൂപയ്ക്കാണ് വൈഗയുടെ കൈ ചെയിനും മോതിരവും വിറ്റിരുന്നത്. സനുവിന്റെ കാർ വ്യാഴാഴ്ച രാത്രിയോടെ തന്നെ തൃക്കാക്കര സ്റ്റേഷനിൽ എത്തിച്ചു. ഫോറൻസിക് പരിശോധനയ്ക്കായാണ് കാർ കൊണ്ടുവന്നത്. അന്വേഷണ സംഘം കൂടെ കൊണ്ടുപോയിരുന്ന പോലീസ് ഡ്രൈവറാണ് കാർ തിരിച്ച് എത്തിച്ചത്. വെള്ളിയാഴ്ച കാറിൽ ഫോറൻസിക് പരിശോധന നടത്തും. കോയമ്പത്തൂരിലെ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകീട്ടോടെ തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘം സേലത്തേക്ക് പുറപ്പെട്ടു. ഇവിടെ സനു മോഹൻ താമസിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയ ശേഷം െബംഗളൂരുവിലേക്ക് തിരിക്കാനാണ് തീരുമാനം. പിന്നീട് മുംബൈയിലേക്കും അവിടെ നിന്ന് ഗോവയിലെ മുരുഡേശ്വറിലേക്കും പോയി തെളിവെടുപ്പ് നടത്തിയ ശേഷമാകും സനുവിനെ മൂകാംബിയിലെത്തിക്കുക. ഗോവയിലെ ഉൾക്കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് വന്ന് രക്ഷപ്പെടുത്തിയെന്ന് സനു മോഹൻ പറഞ്ഞത് സത്യമാണോയെന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!