KSDLIVENEWS

Real news for everyone

പുറപ്പെട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി, പരിശോധനക്കിടെ ഓട്ടോപിടിച്ചെത്തി ട്രെയിനില്‍ക്കയറി

SHARE THIS ON

ഷൊര്‍ണൂര്‍: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ പിടിയില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്‌സ്പ്രസില്‍ കയറാന്‍ വേണ്ടിയായിരുന്നു ഇയാള്‍ ബോംബ് ഭീഷണി പ്രയോഗിച്ചത്‌. എറണാകുളത്തുനിന്ന് പുറപ്പെട്ട ട്രെയിനില്‍ ഇയാള്‍ക്ക് കയറാനായില്ല. ഇതോടെ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഈ തക്കത്തിന് ഇയാള്‍ ട്രെയിനില്‍ കയറി. മാര്‍ബിള്‍ വ്യാപാരിയായ ജയ്‌സിങ് കച്ചവട ആവശ്യത്തിനായാണ് എറണാകുളത്തെത്തിയത്. ഇവിടെനിന്ന് പുലര്‍ച്ചെയുള്ള രാജധാനി എക്‌സ്പ്രസില്‍ പുറപ്പെടാനായിരുന്നു നീക്കം. എന്നാല്‍ ഇയാളെത്തിയപ്പോഴേക്കും ട്രെയിന്‍ എറണാകുളം സ്‌റ്റേഷന്‍ വിട്ടു. ഇതോടെ തൃശ്ശൂരിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബുണ്ടെന്ന് ഭീഷണി പരത്തുകയായിരുന്നു. തുടര്‍ന്ന് ജയ്‌സിങ് തൃശ്ശൂരിലേക്ക് ബസില്‍ പുറപ്പെട്ടു. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കായി തൃശ്ശൂരില്‍ ട്രെയിന്‍ പിടിച്ചിടുമെന്നായിരുന്നു ഇയാള്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ തൃശ്ശൂരും കടന്ന് ഷൊര്‍ണൂരെത്തിയാണ് നിര്‍ത്തി പരിശോധിച്ചത്. ഇതറിഞ്ഞ ജയ്‌സിങ് തൃശ്ശൂരില്‍നിന്ന് ഓട്ടോ പിടിച്ച് ഷൊര്‍ണൂരിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!