എൻഡോസൾഫാൻ നഷ്ടപരിഹാരം: എല്ലാവർക്കും 5 ലക്ഷം നൽകാൻ സന്നദ്ധമായി സർക്കാർ

കാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും 5 ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5 ലക്ഷവും 1568 പേർക്ക് 2 ലക്ഷവും സർക്കാരിൽ നിന്നു ലഭിക്കും. നേരത്തേ തന്നെ എല്ലാവർക്കും 5 ലക്ഷം രൂപ വീതം നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതെങ്കിലും സംസ്ഥാന സർക്കാർ കാറ്റഗറി തിരിച്ച് ചിലർക്ക് 5 ലക്ഷവും മറ്റു ചിലർക്ക് 3 ലക്ഷവുമായി നൽകുകയായിരുന്നു. കാറ്റഗറി തിരിച്ച് നഷ്ടപരിഹാരം നൽകിയതിനും കുറെ പേർക്ക് ഒട്ടും നൽകാതിരുന്നതിനുമെതിരെ സർവ് കലക്ടീവ് കൂട്ടായ്മ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്.
കേസ് ഏപ്രിൽ 4ലേക്കു മാറ്റി
12 സംഘടനകളുടെ കൂട്ടായ്മയായ സർവ് കലക്ടീവ് ഒന്നര വർഷം മുൻപാണ് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോൾ സർക്കാരിനു മറുപടി നൽകാൻ 4 ആഴ്ച സമയം അനുവദിച്ചിരുന്നു. സമയപരിധി തീരുന്നതിനു തൊട്ടുമുൻപാണ് യോഗം ചേർന്ന് എല്ലാവർക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത്. കേസ് ഇന്നലെ പരിഗണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും പിന്നീട് ഏപ്രിൽ 4 ലേക്കു മാറ്റി.
പാലിയേറ്റീവ് ആശുപത്രി; മൗനം
ആരോഗ്യ, റവന്യു വിഭാഗം ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘം ഇരകളുടെ വീടുകൾ സന്ദർശിച്ച് പരിശോധന നടത്താനും അതിനു ശേഷം യോഗ്യത ഉറപ്പാക്കി നഷ്ടപരിഹാരം നൽകാനുമാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചത്. സംഘം നൽകുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും പണം നൽകൽ. എന്നാൽ, ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സർവ് കലക്ടീവ് കൂട്ടായ്മ വ്യക്തമാക്കി. നേരത്തേ തന്നെ പരിശോധന നടത്തി തയാറാക്കിയ ലിസ്റ്റിൽ ഇനി ഒരു പരിശോധന ആവശ്യമില്ലെന്നാണ് സംഘടനയുടെ നിലപാട്.
എൻഡോസൾഫാൻ രോഗികളുടെ പാലിയേറ്റീവ് പരിചരണത്തിനായി പ്രത്യേക ആശുപത്രി വേണമെന്ന 2010ലെ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവും സുപ്രീം കോടതിയുടെ 2017ലെ വിധി ന്യായത്തിലെ പരാമർശവും സംബന്ധിച്ച് സർക്കാർ ഇനിയും കൃത്യമായ വിശദീകരണം നൽകിയില്ല. ഒപ്പം നഷ്ടപരിഹാര നടപടികൾക്കായി പ്രത്യേക ട്രിബ്യൂണൽ വേണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചിട്ടില്ല. ഈ 2 കാര്യവും ഇനി കോടതിയിൽ ഉന്നയിക്കാനാണ് സർവ് കലക്ടീവ് സംഘടനയുടെ തീരുമാനം.
വീണ്ടും മുൻഗണനാ ക്രമം നിശ്ചയിച്ച് സർക്കാർ!
ബാക്കിയുള്ളവർക്ക് 5 ലക്ഷം നൽകുന്നതിന് ഇപ്പോൾ വീണ്ടും മുൻഗണനാക്രമം നിശ്ചയിച്ചത് അംഗീകരിക്കാനാവില്ലെന്നും എല്ലാവർക്കും ഉടനടി തുക കൈമാറണമെന്നു കോടതിയിൽ ആവശ്യപ്പെടുമെന്നും സർവ് കലക്ടീവ് കൂട്ടായ്മ സെക്രട്ടറി കെ.കെ.അശോകൻ പറഞ്ഞു. രോഗത്തിന്റെ തീവ്രതയും രീതിയുമനുസരിച്ച് മുൻഗണനാക്രമം നിശ്ചയിച്ച് ചിലർക്ക് മാത്രം ആദ്യം നഷ്ട പരിഹാരം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. എന്നാൽ, 2010ൽ മനുഷ്യാവകാശ കമ്മിഷന്റെയും 2017ൽ സുപ്രീംകോടതിയുടെയും വിധി വന്നിട്ടും ഇത്ര നാളും നഷ്ടപരിഹാരം നൽകൽ നീട്ടിക്കൊണ്ടുപോയതിന് ന്യായീകരണമില്ലെന്നും ഇനിയും നടപടി നീളുകയാണെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡോസൾഫാൻ ഇരകൾക്കു വേണ്ടിയുള്ള സമരം കൃത്യമായ ദിശയിൽ നയിച്ച സർവ് കലക്ടീവ് കൂട്ടായ്മയുടെ വിജയമാണ് സർക്കാർ തീരുമാനമെന്ന് കൂട്ടായ്മയുടെ മുഖ്യ സംഘാടകനും എഴുത്തുകാരനുമായ എം.എ.റഹ്മാൻ പ്രതികരിച്ചു. നഷ്ടപരിഹാരം നൽകൽ ഇനിയും നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും നിശ്ചിത മാസത്തിനകം തുക കൈമാറമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു..

