മുഖം തിരിക്കില്ല, കരം പിടിക്കും; ഏത് ദുരന്ത ഭൂമിയിലും ആശ്വസമാകുന്ന ‘ഇന്ത്യൻ മിഷൻ

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ തുടരുകയാണ്. ‘ഓപ്പറേഷൻ ഗംഗയുടെ’ ഭാഗമായി വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള എയർ ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം തിങ്കളാഴ്ച രാവിലെ ഡൽഹിയിലെത്തി. നൂറുകണക്കിന് ഇന്ത്യക്കാരാണ് ദുരന്തഭൂമിയിൽനിന്ന് ഇതുവരെ മാതൃരാജ്യത്തിന്റെ സുരക്ഷയിലേക്കു തിരികെയെത്തിയത്.
ജോലി ചെയ്യുന്ന രാജ്യങ്ങളിൽ യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളുമൊക്കെ മൂലം അകപ്പെടുന്നവരെ അവിടെനിന്ന് ഒഴിപ്പിക്കുന്നതിൽ ഇന്ത്യക്ക് പ്രത്യേകമായൊരു ചരിത്രമുണ്ട്. അതാകട്ടെ, അധികം രാജ്യങ്ങൾക്കൊന്നും അവകാശപ്പെടാനുമാകില്ല. എയർ ഇന്ത്യയെയാണ് പ്രധാനമായും ഇത്തരം രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യ ആശ്രയിക്കുന്നത്. ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന്റെ സ്വന്തമാണെങ്കിലും യുക്രെയ്ൻ പ്രതിസന്ധിയിലും ഇന്ത്യയുടെ ആശ്രയം എയര്‍ ഇന്ത്യ തന്നെ. സർക്കാർനിയന്ത്രണത്തിൽനിന്നു മാറിയതോടെ എയർ ഇന്ത്യ തങ്ങളുടെ സേവനത്തിന് പ്രതിഫലം ഈടാക്കും എന്നതിനാൽ യുക്രെയ്ൻ വിഷയത്തിൽ ഈ ചെലവു സർക്കാർ വഹിക്കും.
250 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 787 എന്ന ഡ്രീംലൈനർ ആണ് ഇത്തരം രക്ഷാദൗത്യങ്ങൾക്ക് എയർ ഇന്ത്യ അയയ്ക്കുക. ഇത് ഒരു മണിക്കൂർ പറക്കണമെങ്കിൽ ഏകദേശം 7–8 ലക്ഷം രൂപ ചെലവാകും എന്നാണ് കണക്ക്. യുക്രെയ്നിൽ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കുന്നതിന് അങ്ങോട്ടും തിരിച്ചുമുള്ള യാത്ര കഴിയുമ്പോൾ ചെലവ് 1.10 കോടി രൂപയാകും. റുമാനിയൻ, ഹംഗറി തലസ്ഥാനങ്ങളായ ബുക്കറെസ്റ്റ്, ബുഡാപെസ്റ്റ് എന്നിവിടങ്ങളിൽ പോയി തിരികെ എത്താൻ ഏകദേശം 14 മണിക്കൂർ വേണ്ടിവരും. നീണ്ട യാത്രകൾ ആയതിനാൽ രണ്ട് സെറ്റ് ക്രൂ എപ്പോഴും ഉണ്ടാകും. ഇവരുടെ ചെലവും ഇന്ധനം, പാർക്കിങ് ഫീസ് തുടങ്ങിയവയും ഉൾപ്പെടുത്തിയാണ് ചെലവു കണക്കാക്കുക.
1248-ukrine-students
ലോകത്തെ അദ്ഭുതപ്പെടുത്തിയ സാഹസികത
ഇറാഖ് കുവൈത്തിനെ ആക്രമിച്ചതോടെയാണ് ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് അന്നത്തെ കേന്ദ്ര സർക്കാർ എത്തുന്നത്. 1990–91ൽ 1,75,000 ഇന്ത്യക്കാരെയാണ് കുവൈത്തിൽനിന്ന് സാഹസികമായി ഒഴിപ്പിച്ചത്. രണ്ടു മാസം കൊണ്ട് ഏതാണ്ട് 500 വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തിയത്. അന്നത്തെ രക്ഷാദൗത്യം പിന്നീട് ഗിന്നസ് റെക്കോർഡിലും ഇടം നേടി.
വന്ദേഭാരത് മിഷൻ
കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചതോടെയാണ് ലോകത്തുതന്നെ അത്യപൂർവമായ ദൗത്യത്തിന് ഇന്ത്യ തീരുമാനിക്കുന്നത്. വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുക എന്നതായിരുന്നു ദൗത്യം. വന്ദേ ഭാരത് മിഷൻ എന്നു പേരിട്ട് 2020 മേയ് ഏഴിനാണ് ഈ ദൗത്യം ആരംഭിച്ചത്. ആദ്യം എയർ ഇന്ത്യ മാത്രമായിരുന്നു ദൗത്യത്തിൽ ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സ്വകാര്യ വിമാന സർവീസുകളും ഉൾപ്പെട്ടു.
1248-evacuation
യുക്രെയ്ൻ അധിനിവേശത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ (Photo by Prakash SINGH / AFP)
ഓപ്പറേഷന്‍ റാഹത്ത്
2015–ലെ യെമൻ പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനമാണിത്. സൗദി അറേബ്യയും കൂട്ടാളികളും ചേർന്ന് യെമൻ തലസ്ഥാനമായ സനായിൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ആയിരുന്നു സാഹസികമായ ഈ ഒഴിപ്പിക്കൽ. ആ വർഷം ഏപ്രിൽ ഒന്നിന് കടൽ മാർഗവും ഏപ്രിൽ മൂന്നിന് വ്യോമമാർഗവും നടന്ന ഈ ഒഴിപ്പിക്കൽ വഴി രക്ഷപ്പെടുത്തിയത് 4640 ഇന്ത്യക്കാരെയും 41 രാജ്യങ്ങളിൽ നിന്നുള്ള 960 വിദേശികളെയുമായിരുന്നു.
1248-vande-bharat-mission
ഓപ്പറേഷൻ മൈത്രി
2015–ൽ ശക്തമായ ഭൂകമ്പം നേപ്പാളിനെ തകർത്തപ്പോൾ രക്ഷാദൗത്യവുമായി മുന്നിട്ടിറങ്ങിയതും ഇന്ത്യൻ സർക്കാരും സൈന്യവുമായിരുന്നു. ഭൂകമ്പമുണ്ടായി 15 മിനിറ്റിനുള്ളിൽ ഇന്ത്യ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. അന്ന് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് ഏകദേശം 5100 പേരെയാണ്. ദുരന്തത്തിൽ അകപ്പെട്ട 785 വിദേശ ടൂറിസ്റ്റുകൾക്ക് ട്രാൻസിറ്റ് വീസയും നൽകി.
ബ്രസൽസിൽ സംഭവിച്ചത്
2016 മാർച്ച് 22–ന് ബെൽജിയത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബോംബാക്രമണങ്ങളുണ്ടായി. 32 സാധാരണക്കാരും മൂന്ന് അക്രമികളും മരിച്ചു. ബ്രസൽസിൽ കുടുങ്ങിപ്പോയ തങ്ങളുടെ 28 ജീവനക്കാരടക്കം 242 ഇന്ത്യക്കാരെയാണ് ജെറ്റ് എയർവേയ്സ് അന്ന് ഒഴിപ്പിച്ചത്.
1248-indians
യുക്രെയ്ൻ– റുമാനിയൻ അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികൾ (ചിത്രം എഎൻഐ)
ഓപ്പറേഷൻ സേഫ് ഹോംകമിങ്
ലിബിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ 2011 ഫെബ്രുവരി 26–ന് കേന്ദ്ര സർക്കാർ നടത്തിയ രക്ഷാദൗത്യമാണിത്. കടൽ, ആകാശ മാർഗങ്ങൾ വഴി നടത്തിയ ആ ദൗത്യത്തിനു പിന്നില്‍ ഇന്ത്യൻ നേവിയും എയർ ഇന്ത്യയുമായിരുന്നു. മാർച്ച് 11ന് രക്ഷാദൗത്യം അവസാനിച്ചപ്പോൾ 15,000ത്തിലധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്താനായത്.
ഓപ്പറേഷൻ സുകൂൺ
2006–ലെ ലെബനൻ യുദ്ധസമയത്ത് ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരെ യുദ്ധമേഖലയിൽനിന്നു രക്ഷപ്പെടുത്താനായി ഇന്ത്യൻ നാവിക സേന നടത്തിയ ദൗത്യമാണിത്. അന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2280 പേരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. ഇതിനു പുറമേ ചെറുതും വലുതുമായ നൂറുകണക്കിന് രക്ഷാദൗത്യങ്ങളാണ് ഇന്ത്യ ഇക്കാലയളവിൽ നടത്തിയിട്ടുള്ളത്.

