അപ്രതീക്ഷിത മഴ കർഷകർക്ക് കണ്ണീർമഴയായി ; ഏക്കർ കണക്കിന് നെൽകൃഷിയും പച്ചക്കറി കൃഷിയും നശിച്ചു

ഉപ്പള : അപ്രതീക്ഷിതമായി പെയ്ത മഴ കർഷകർക്ക് കണ്ണീർ മഴയായി . കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് നെൽകൃഷിയും പച്ചക്കറി കൃഷിയും നശിച്ചു.മംഗൽപ്പാടി പഞ്ചായത്തിലെ കുബണൂർ പാടശേഖര കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യാന , കുളവയൽ , കുക്കാർ , ഹേരൂർ , പറങ്കില തുടങ്ങിയ സ്ഥലങ്ങളിൽ ഇറക്കിയ നെൽകൃഷിയാണ് നശിച്ചത് . ബാലകൃഷ്ണ അമ്പാറു എന്നയാളുടെ മൂന്ന് ഏക്കർ സ്ഥലത്തും സദാശിവ ബീരിഗുഡെയുടെ പത്ത് ഏക്കർ സ്ഥലത്തും ദിനേശിന്റെ മൂന്ന് ഏക്കർ സ്ഥലത്തും കൃഷി ചെയ്ത നെല്ല് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ നശിച്ചു . കൊയ്യാൻ പാകത്തിലുള്ളതായിരുന്നു കൃഷി . സ്ഥലത്ത് വെള്ളം കയറി കൃഷിയെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് . സംഭവ സ്ഥലം മംഗൽപാടി കൃഷി ഓഫീസർ വന്ദന , മഞ്ചേശ്വരം കൃഷി ഡയറക്ടർ നരസിംഹലു എന്നിവർ സന്ദർശിച്ചു . മീഞ്ച പഞ്ചായത്തിലെ ദേറംബല ബയലിലും നെൽകൃഷി നാശം നേരിട്ടു . പതിനഞ്ച് കുടുംബങ്ങൾ നാൽപ്പത് ഏക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയും വെള്ളത്തിനടിയിലായി.കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത വേനൽ മഴയിലും കാറ്റിലും മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വയലിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു . 35 ഏക്കറോളം സ്ഥലത്തെ പച്ചക്കറി കൃഷിക്കാണ് നാശം നേരിട്ടത്

