KSDLIVENEWS

Real news for everyone

സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍നിന്ന് വാരിയൻകുന്നനെയും ആലിമുസ്‌ല്യാരെയും ഒഴിവാക്കാന്‍ ശുപാർശ

SHARE THIS ON

മലപ്പുറം/ന്യൂഡൽഹി:മലബാർ കലാപത്തിനു നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാർ എന്നിവരുൾപ്പെടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ ശുപാർശയെന്നു വാർത്ത. എന്നാൽ, ഇത്തരമൊരു ശുപാർശയെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ.) ഡയറക്ടർ ഓം ജി ഉപാധ്യായ ‘മാതൃഭൂമി’യോടു പറഞ്ഞു.

ഐ.സി.എച്ച്.ആർ. തയ്യാറാക്കിയ രക്തസാക്ഷിപ്പട്ടികയിൽനിന്ന്, 1921-ലെ മലബാർ കലാപത്തിലെ നേതാക്കളെ ഒഴിവാക്കുന്നുവെന്നാണ് വാർത്ത പരന്നത്. എന്നാൽ, ഐ.സി.എച്ച്.ആർ. സമിതി മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകിയിട്ടുള്ളതെന്ന് ഓം ജി ഉപാധ്യായ പറഞ്ഞു. എന്തൊക്കെ ശുപാർശകളും നിർദേശങ്ങളും നൽകിയിട്ടുണ്ടെന്ന് കൗൺസിലിന്റെ സ്റ്റാറ്റ്യൂട്ടറി സമിതി യോഗത്തിൽ റിപ്പോർട്ട് വെക്കുമ്പോഴേ അറിയാനാവൂ. ഈ യോഗം സെപ്റ്റംബർ 17-നു ചേരും. അതിനുശേഷം ചരിത്ര ഗവേഷണ കൗൺസിൽ ചേരും. റിപ്പോർട്ടിലെ ശുപാർശകൾ സ്വീകരിക്കാനും തള്ളാനുമൊക്കെയുള്ള അധികാരം കൗൺസിലിനാണെന്നും അദ്ദേഹം പറഞ്ഞു.

2009-ൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രക്തസാക്ഷികളുടെ നിഘണ്ടു തയ്യാറാക്കാനുള്ള പദ്ധതിക്ക് ഐ.സി.എച്ച്.ആർ. രൂപംകൊടുത്തത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ 1947 വരെ നടന്ന സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തസാക്ഷികളെ പരാമർശിക്കുന്നതായിരുന്നു നിഘണ്ടു. മലബാർ കലാപവും ഇതിലുൾപ്പെടും.

2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിഘണ്ടു പുറത്തിറക്കി. അതിലുൾപ്പെട്ട പേരുകൾ വിവാദമായപ്പോൾ റദ്ദാക്കി. ഇതുപരിശോധിക്കാൻ, നിലവിൽ ഐ.സി.എച്ച്.ആർ. അംഗമായ ഡോ. സി.ഐ. ഐസക്കിനെ ചുമതലപ്പെടുത്തി. 1836മുതൽ 1921വരെ കേരളത്തിൽനടന്ന കലാപങ്ങൾ മതലഹളയായിരുന്നുവെന്നു വ്യക്തമാക്കിയാണ്‌ ഡോ. ഐസക് ഉപസമിതിക്ക് കൊടുത്ത റിപ്പോർട്ടെന്നറിയുന്നു. ഉപസമിതിയുടെ ശുപാർശ െഎ.സി.എച്ച്.ആറിനു കൈമാറി. ഖരഗ്പുർ യൂണിവേഴ്‌സിറ്റിയിലെ ഹിമാൻഷു ചതുർവേദി, ഐ.സി.എച്ച്.ആർ. ഡയറക്ടർ ഓം ജി ഉപാധ്യായ, ഡോ. ഐസക് എന്നിവരടങ്ങിയതാണ് ഉപസമിതി. 1836മുതൽ മലബാറിൽ 42 ലഹളകൾ നടന്നു. അതിൽ 41 എണ്ണവും ഇപ്പോൾ മലപ്പുറത്തിന്റെ ഭാഗമായ പ്രദേശങ്ങളിലായിരുന്നു. അവയെല്ലാം മതവും മതപരിവർത്തനവുമായി ബന്ധപ്പെട്ടവയായിരുന്നുവെന്ന് ഡോ. ഐസക് ‘മാതൃഭൂമി’യോടു പറഞ്ഞു.

ഐ.സി.എച്ച്.ആർ. സമിതി നൽകിയ ശുപാർശകൾ സംബന്ധിച്ചാണ് ഇപ്പോഴത്തെ വിവാദം. രക്തസാക്ഷിപ്പട്ടികയുമായി ബന്ധപ്പെട്ട് കേരളത്തിൽ ചില വ്യക്തികളുടെ പേരിലുയർന്ന വിവാദങ്ങളെക്കുറിച്ച് നേരത്തേ പരാതി ലഭിച്ചിരുന്നതായി ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. അതെല്ലാം നിഘണ്ടു സമിതിയുടെ പരിശോധനയ്ക്കായി കൈമാറിയിരുന്നതായും ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!