ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

മുംബൈ: ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവ്സേന നേതാവുമായ ഉദ്ദവ് താക്കറെ. കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘ഹര് ഘര്‍ തിരംഗ’ ക്യാമ്പയിന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നതെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷം എത്രത്തോളം ജനാധിപത്യം ഇവിടെ അവശേഷിക്കുന്നുവെന്ന് നാം ചിന്തിക്കണമെണമെന്നും പറഞ്ഞു. മർമിക് മാഗസിന്റെ 62ാം സ്ഥാപക ദിനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേന്ദ്ര സർക്കാർ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു വൈറൽ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു. അതിൽ ഒരു ദരിദ്രനായ മനുഷ്യൻ പറയുന്നു, എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ അത് സ്ഥാപിക്കാൻ വീട് ഇല്ല എന്ന്. അരുണാചലിൽ ചൈന കടന്നു കയറ്റം നടത്തുകയാണ്. നമ്മുടെ വീടുകളിൽ ത്രിവർണപതാക സ്ഥാപിച്ചാൽ അവർ പിന്നോട്ടു പോകില്ല. ത്രിവർണപതാക ഹൃദയത്തിലും വേണം’, ഉദ്ദവ് താക്കറെ പറഞ്ഞു.”

