പത്തനംതിട്ടയില്‍ മന്ത്രി ഉയര്‍ത്തുന്നതിനിടെ പതാക കയറില്‍ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയതില്‍ പിഴവ്. മന്ത്രി വീണ ജോര്‍ജ് പതാക ഉയര്‍ത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറില്‍ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയര്‍ത്തിയത്. മന്ത്രി വീണ ജോര്‍ജും ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലര്‍ നാടിന്റെ സമാധാനം തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നു എന്നത് അപലപനീയമാണെന്ന് തുടര്‍ന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമെന്ന് മുഖ്യമന്ത്രി
രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്ബത്തിക രംഗത്തുള്‍പ്പെടെ അത്തരം ഒരു നിലപാട് സ്വീകരിച്ചാവണം മുന്നോട്ടു പോകേണ്ടത്. രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസവും മതേതരത്വവുമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടമായ തദ്ദേശ സ്ഥാപനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡറലിസവും സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നം കൂടിയാണ് എന്ന് നാം മനസ്സിലാക്കണം. വര്‍ഗീയ സംഘര്‍ഷങ്ങളുടെയും ധ്രുവീകരണങ്ങളുടെയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും പങ്കുവയ്ക്കുന്ന ഈ മൂല്യങ്ങളുടെ പിന്‍ബലം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: കിഫ്ബിയിലൂടെ വികസനവും സമത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതക ഉയര്‍ത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.
സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്ബത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതന്ന് – സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

