KSDLIVENEWS

Real news for everyone

ഷാജഹാന്‍ കൊലപാതകം: പ്രതികളെല്ലാം പിടിയില്‍, അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ്

SHARE THIS ON

പാലക്കാട്: പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന 6 പ്രതികള്‍ കൂടി ഇന്ന് പിടിയിലായി. മലമ്ബുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രണ്ട് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ ഷാജഹാന്‍ കൊലക്കേസില്‍ 8 പ്രതികളും പിടിയിലായി. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയില്‍ നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാന്‍ ഓടിപ്പോകാതിരിക്കാന്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി നവീനെ പട്ടാമ്ബിയില്‍ നിന്നും ആറാം പ്രതി സിദ്ധാര്‍ത്ഥനെ പൊള്ളാച്ചിയില്‍ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങള്‍ എത്തിച്ച്‌ നല്‍കിയത് നവീന്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് മൂന്ന് സംഘങ്ങളായി ഒളിവില്‍ പോകുകയായിരുന്നു.

കൊലപാതകം നടന്ന് 48 മണിക്കൂറിനകം പ്രതികളെ എല്ലാം പിടികൂടാനായത് പൊലീസിന് നേട്ടമായി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളാണ് ഇനി കണ്ടെത്തേണ്ടതുള്ളത്. ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ നല്‍കുന്ന മൊഴി നിര്‍ണായകമാകും. ഇന്ന് രാത്രി പ്രതികളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്ത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.


ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ബിജെപിയാണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിച്ചു. ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നമുണ്ടായിരുന്നതായും കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!