KSDLIVENEWS

Real news for everyone

വാതില്‍ തുറന്നില്ല, മുറിയില്‍ രക്തക്കറ; മൃതദേഹം ബെഡ്ഷീറ്റില്‍പൊതിഞ്ഞ് പൈപ്പ് ഡക്ടില്‍; അഴിയാതെ ദുരൂഹത

SHARE THIS ON

കാക്കനാട്: ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്‌ലാറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.


ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫായി.


സംശയം തോന്നിയതോടെ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്‌ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്‌ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!