വിഴിഞ്ഞം സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍; സഭാ നേതൃത്വവുമായി മന്ത്രി സംസാരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ചര്‍ച്ചയ്ക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത സ്വീകരിച്ചു. സമരം കൂടുതല്‍ ശക്തമായതോടെ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനാണ് സഭാ അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് മുമ്പില്‍ മത്സ്യത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുനയനീക്കമുണ്ടായത്. നാളെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന അഭ്യര്‍ഥനയാണ് മന്ത്രി മുന്നോട്ടുവച്ചത്. സമയവും സ്ഥലവും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഡല്‍ഹിയിലുള്ള മന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
അതേസമയം, ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാകുന്നതുവരെ സമയം തുടരുമെന്നാണ് ലത്തീന്‍ തിരുവനന്തപുരം അതിരൂപതയുടെ നിലപാട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണത്തിന് ഇടയാക്കുമെന്നതിനാല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയശേഷമേ നിര്‍മാണവുമായി മുന്നോട്ടുപോകാവൂ, വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്

