KSDLIVENEWS

Real news for everyone

കാസർകോട്-വയനാട് ഹരിത പവർ ഹൈവേ; സ്ഥലം വിട്ടു നൽകുന്നവർക്കായി സ്പെഷൽ പാക്കേജ് പരിഗണനയിൽ

SHARE THIS ON

കാസർകോട് ∙ വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി തുടങ്ങിയ കാസർകോട് – വയനാട് പവർ ഹൈവേ ജോലികൾ വേഗത്തിലെന്ന് കെഎസ്ഇബി. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് നഷ്ടപരിഹാരമായി പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്.

പാക്കേജ് സംബന്ധിച്ച് വൈദ്യുത ബോർഡും സർക്കാരും തീരുമാനമെടുക്കു ന്നതോടെ അർഹരായവർക്ക് അത് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും സർവകക്ഷി സംഘവും മന്ത്രി കെ.കൃഷ്ണൻകുട്ടിയെ സന്ദർശിച്ചിരുന്നു.


വൈദ്യുതി ക്ഷാമത്തിന് അവസാനമാകും

വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും മേഖലയിലെ ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപകരിക്കുന്നതാണ് പദ്ധതി. അന്തർ സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കരിന്തളം കയിനിയിലെ 400 കെവി സബ് സ്റ്റേഷനിൽ നിന്ന് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈൻ വലിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു.

കരിന്തളത്തു നിന്നുള്ള വൈദ്യുതി ലൈൻ വലിക്കലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അതോടൊപ്പം വയനാട്ടിൽ നിന്നുള്ള ടവർ ഫൗണ്ടേഷൻ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ കരിന്തളം തോളേനിയിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്.

പ്രസരണ നഷ്ടം കുറയ്ക്കും

മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം കാസർകോട് ജില്ലയിലെ പുനരുൽപാദന ഊർജ നിലയങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററിൽ എത്തിക്കുന്ന തിനുമാണ് നോർത്ത് ഗ്രീൻ കോറിഡോർ 400 കെവി കരിന്തളം-പയ്യമ്പള്ളി ഡബിൾ സർക്യൂട്ട് ലൈൻ എന്ന പേരിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. 125 കിലോമീറ്റർ വൈദ്യുതി ലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്.

ആകെ 380, 400 കെവി ടവറുകളാണ് പദ്ധതിക്ക് ആവശ്യമായി വരിക. വയനാട്ടിൽ 200 എംവിഎ ശേഷിയുള്ള ട്രാൻസ്‌ഫോമറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാൻ കഴിയുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠാപുരം-ഇരിട്ടി- നെടുംപൊയിൽ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈൻ പോകുന്നത്. കാസർകോട് കണ്ണൂർ, വയനാട് ജില്ലകളിലെ 8 നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാർലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈൻ കടന്നുപോകുന്നു.

436 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. കെഎസ്ഇബിയുടെ തനതു ഫണ്ടിൽ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. എൽ ആൻഡ് ടി ക്ക് ആണ് പദ്ധതിയുടെ നിർമാണ ചുമതല.

ഹരിത പവർ ഹൈവേ

കേരളത്തിലെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായാണ് ഹരിത പവർ ഹൈവേ. ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് ട്രാൻസ്ഗിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്നത്.

400 കെവി, 220 കെവി നിലവാരത്തിലുള്ള പ്രസരണ ശൃംഖല സംസ്ഥാ നത്തിലുടനീളം സ്ഥാപിച്ച് പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും പുഗളൂർ- മാടക്കത്തറ 2000 എച്ച്.വി.ഡി.സി ലൈൻ യാഥാർത്ഥ്യ മായതോടെ ലഭ്യമായ വൈദ്യുതിയുടെ പ്രസരണം സുഗമമായി നടത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

സംസ്ഥാനത്തെ പ്രസരണ ശൃംഖലയെ അന്തർ സംസ്ഥാന ലൈനുകളുമായി കൂടുതൽ ബന്ധിപ്പിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ആസൂത്രണ നിലവാരമനുസരിച്ച് അടുത്ത 25 വർഷത്തേക്കാവശ്യമായ പ്രസരണ ശൃംഖല സംസ്ഥാനത്ത് നിർമിക്കുന്നതിനും ട്രാൻസ്ഗ്രിഡ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഇതുവരെ 400 കെവിയുടെ 178 സർക്യൂട്ട് കിലോമീറ്റർ ലൈനും, 220 കെവിയുടെ 566 സർക്യൂട്ട് കിലോമീറ്റർ ലൈനും, 110 കെവി 653 സർക്യൂട്ട് കിലോമീറ്റർ ലൈനും പൂർത്തീകരിച്ചു. ഈ ലൈനുകളുമായി ബന്ധപ്പെട്ട് എട്ട് പുതിയ 220 കെവി സബ്‌സ്റ്റേഷനുകളും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!