KSDLIVENEWS

Real news for everyone

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് വനംവകുപ്പ് വാച്ചർക്കു പരുക്കേറ്റു

SHARE THIS ON

കാറഡ‍ുക്ക ∙ ‌‌കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു വനംവകുപ്പ് വാച്ചർക്കു പരുക്കേറ്റു. ഇരിയണ്ണി തീയടുക്കത്തെ സനൽ കുമാറി(26)നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു കൊട്ടംകുഴിയിലെ തോട്ടത്തിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുമ്പോൾ അവ വനപാലർക്കു നേരെ തിരിയുകയായിരുന്നു. എല്ലാവരും ഓടി സമീപത്തെ സൗരോർജ വേലിക്ക് ഉള്ളിലേക്കു കയറിയതു കൊണ്ടാണ് രക്ഷപ്പെട്ടത്. 7 ആനകളുള്ള കൂട്ടമാണ് ആക്രമണത്തിനു മുതിർന്നത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എൻ.വി.സത്യൻ, എം.പി.രാജു എന്നിവരുടെ നേതൃത്വത്തിൽ ദ്രുത പ്രതികരണ സേനയും (ആർആർടി)യും ചേർന്നാണ് ആനകളെ ഓടിക്കാനിറങ്ങിയത്. പടക്കം പൊട്ടിച്ച് കുറച്ചു ദൂരം ഓടിച്ചെങ്കിലും അപ്രതീക്ഷിതമായി അവ വനപാലർക്കു നേരെ തിരിയുകയായിരുന്നു. 15-20 മീറ്റർ അടുത്ത് വരെ ആനകളെത്തി. ഓടുന്നതിനിടയിലാണ് സനൽ കുമാർ വീണു പരുക്കേറ്റത്. ഇടതുകൈക്കു പൊട്ടലുണ്ട്. കാസർകോട് സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. സൗരോർജ വേലി തകർത്ത് കൃഷിയിടത്തിൽ ആനക്കൂട്ടത്തിന്റെ വിളയാട്ടം സ്വകാര്യ സൗരോർജ വേലി തകർത്ത് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കർമംതോടി കല്ലളിക്കാലിലെ പൂർണിമ ജയന്റെ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ ആനക്കൂട്ടം വൻ നാശം വിതച്ചത്. കുലയ്ക്കാറായ 8 തെങ്ങുകളും നിരവധി വാഴകളും തീറ്റപ്പുല്ലും നശിപ്പിച്ചു. പൈപ്പ് ലൈനും നശിപ്പിച്ചു. 6 മാസം മുൻപ് ഒന്നര ലക്ഷം രൂപ ചെലവഴിച്ച് ഇവർ തന്റെ കൃഷിയിടത്തിനു ചുറ്റും സൗരോർജ വേലി നിർമിച്ചിരുന്നു. വൈദ്യുതി പ്രവാഹമുണ്ടായിരുന്ന ഈ വേലി തകർത്താണ് ആനകൾ അകത്തേക്കു കടന്നത്. സമാന രീതിയിൽ കൊട്ടംകുഴി അരമനടുക്കത്തും ഒയക്കോലിലും സ്വകാര്യ വേലികൾ ആനകൾ തകർത്തിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!