പോപ്പുലർ ഫ്രണ്ട് ഹർത്താൽ കാസർകോട്ട് പൂർണം; കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല

കാസർകോട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താൽ ജില്ലയിൽ പൂർണം. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ കടയടപ്പിക്കാൻ ശ്രമിച്ചെന്നതിന് രണ്ടുപേരെ കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനജീവിതത്തെ ഹർത്താൽ കാര്യമായി ബാധിച്ചു.
ഓട്ടോറിക്ഷകൾ ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. മിക്ക വിദ്യാഭ്യസ സ്ഥാപങ്ങളും പ്രവർത്തിക്കുന്നില്ല. കുമ്പളയിൽ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്‍ഐഎ റെയ്ഡിലും നേതാക്കളെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെ മാത്രം ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കണ്ണൂര്‍ അടക്കമുള്ള സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

