KSDLIVENEWS

Real news for everyone

മലപ്പുറത്ത്‌ കെ – ഫോണ്‍ വീടുകളിലേക്ക്; 675 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷനായി

SHARE THIS ON

മഞ്ചേരി > കെ – ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നവംബറോടെ വീടുകളിലേക്ക്. ആദ്യഘട്ടത്തില്‍ ഓരോ മണ്ഡലത്തിലും 100 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കും. സെക്കന്ഡില്‍ 10 മുതല്‍ 15 ജിബിവരെ വേഗത്തില്‍ ഒന്നര ജിബി ഡാറ്റയാണ് ഒരുദിവസം ലഭിക്കുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ തയ്യാറാക്കാന്‍ നടപടി തുടങ്ങി.

വിഇഒമാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികക്ക് ബ്ലോക്ക്തലത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അന്തിമരൂപം നല്‍കും. 10 ശതമാനം വീടുകള്‍ പട്ടികജാതി – വര്‍ഗ വിഭാഗക്കാരുടേതാവണമെന്ന് നിര്‍ദേശമുണ്ട്. ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടിക അംഗീകരിക്കണം. അന്തിമപട്ടിക ലഭിച്ചാല്‍ ഉടന്‍ കണക്ഷന്‍ നല്‍കാന്‍ തയാറെടുപ്പുകളായി.

ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട 728 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 675 എണ്ണത്തിലും കണക്ഷന്‍ നല്‍കി. കെ – ഫോണ്‍ കേബിള്‍ ശൃംഖലയെ ആശ്രയിക്കുന്ന പ്രാദേശിക സേവന ദാതാക്കളാണ് ബിപിഎല്‍ കുടുംബങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുക. കെഎസ്‌ഇബിയുടെ വൈദ്യുതിത്തൂണുകളിലൂടെയും ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെയുമായി 1000 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചു. ജില്ലയില്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ 3068 സര്‍ക്കാര്‍ ഓഫീസുകളിലും കെ ഫോണ്‍ സംവിധാനം ഒരുക്കി. ആയിരത്തോളം ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ചുതുടങ്ങി.

മുണ്ടുപറമ്ബിലെ കെഎസ്‌ഇബി 110 കെവി സബ് സ്റ്റേഷനാണ് പ്രധാന കണ്‍ട്രോളിങ് കേന്ദ്രം (കോര്‍ പോപ്). ഇവിടെനിന്നാണ് മറ്റ് സബ് സ്റ്റേഷനുകളിലേക്ക് കണക്ഷന്‍ നല്‍കിയത്. ഒപിജിഡബ്ല്യു കേബിളുകള്‍വഴി ജില്ലകളെ തമ്മിലും ബന്ധിപ്പിച്ചു. ട്രാന്‍സ്മിഷന്‍ ടവറിലേക്കുള്ള 275ല്‍ 269 കിലോമീറ്റര്‍ സ്ഥാപിച്ചു. സെര്‍വറുകള്‍ സ്ഥാപിക്കേണ്ട ഒമ്ബതിടങ്ങളില്‍ എട്ടിടങ്ങള്‍ സജ്ജമായി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ 675 സ്ഥാപനങ്ങളിലാണ് ഒമ്ബത് ‘യു’ റാക്കുകള്‍ സജീകരിച്ചത്. നെറ്റ് വര്‍ക്ക് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവയാണ് റാക്കില്‍ ഉള്‍പ്പെടുന്നത്. ഫസ്റ്റ് ഫേസ് പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!