KSDLIVENEWS

Real news for everyone

മൂന്നാക്കല്‍ പള്ളിക്ക് കോടികളുടെ നഷ്ടം വരുത്തി; മുന്‍ ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ വഖ്ഫ് ബോര്‍ഡ് വിധി

SHARE THIS ON

വളാഞ്ചേരി | മൂന്നാക്കല്‍ പള്ളി മുന്‍ മഹല്ല് ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ നിര്‍ണായക വിധി.17 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികളായ വി പി സുബൈര്‍, പുതുക്കുടി അബൂബക്കര്‍, പാലക്കല്‍ ശരീഫ്,വലിയ പറമ്ബില്‍ സദക്കത്തുല്ല എന്നിവര്‍ക്കെതിരെ വഖ്ഫ് ബോര്‍ഡ് വിധി വന്നത്. മഹല്ല് നിവാസികളായ കലകപാറ അലവി, കൊട്ടാമ്ബാറ മാളിയേക്കല്‍ മുഹമ്മദ് കുട്ടി, വി പി ആലിയാമുട്ടി തുടങ്ങിയവര്‍ വഖ്ഫ് ബോര്‍ഡിന് പരാതി നല്‍കിയിരുന്നു.

ഭാരവാഹികള്‍ കാലാവധി കഴിഞ്ഞിട്ടും നിയമാനുസരണം ജനറല്‍ ബോഡി വിളിച്ചു കൂട്ടുകയോ വരവ്, ചെലവ് കണക്കുകള്‍ സൂക്ഷിക്കുകയോ കമ്മിറ്റിയില്‍ അവതരിപ്പിക്കുകയോ ചെയ്യാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മൂന്നാക്കല്‍ ജുമുഅത്ത് പള്ളിക്ക് വരുത്തി വെച്ചുവെന്ന പരാതിയിലാണ് നിര്‍ണായക വിധി. വഖ്ഫില്‍ നിന്നുള്ള വരുമാനവും അതിന്റെ സ്വത്തുക്കളും ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്‌ പള്ളിക്ക് നഷ്ടം വരുത്തിവെച്ചതായി സംസ്ഥാന വഖ്ഫ് ബോര്‍ഡ് കണ്ടെത്തി.

പള്ളിയിലെ സ്വത്തുക്കളും സ്വര്‍ണ ഉരുപ്പടികളിലുമുള്‍പ്പെടെ ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ വ്യക്തമായി. വഖ്ഫ് നിയമ പ്രകാരവും ക്രിമിനല്‍ നടപടി ചട്ടപ്രകാരവും കേസെടുക്കും. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ പണം, സ്വര്‍ണ ഉരുപ്പടികള്‍ എന്നിവ പ്രതികളില്‍ നിന്ന് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച്‌ തിരിച്ചുപിടിക്കാനും ബോര്‍ഡ് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!