‘ജനം ശുദ്ധവായു ശ്വസിക്കട്ടെ’; പടക്ക നിരോധനത്തിന് എതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതിയും സുപ്രീം കോടതിയും

ന്യൂഡല്‍ഹി | ദീപാവലി ആഘോഷം വരാനിരിക്കെ ദേശീയ തലസ്ഥാന പ്രദേശത്ത് പടക്കം പൊട്ടിക്കല്‍ നിരോധിച്ചതിന് എതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി. ഹൈക്കോടതിയില്‍ ഒരു പടക്ക നിര്‍മാണ കമ്ബനിയും സുപ്രീം കോടതിയില്‍ ബിജെപി നേതാവ് മനോജ് തിവാരിയും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. കേന്ദ്ര ഭരണ പ്രദേശത്ത് 2023 ജനുവരി ഒന്ന് വരെ പടക്കം നിര്‍മിക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും പൊട്ടിക്കുന്നതിനും ഡല്‍ഷി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പെടുത്തിയ നിരോധനത്തിന് എതിരായിരുന്നു രണ്ട് ഹര്‍ജികളും.
ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് തിവാരിയുടെ ഹര്‍ജി തള്ളിയത്. ജനങ്ങള്‍ ശുദ്ധവായു ശ്വസിക്കട്ടെ എന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ വേറെയും വഴികളുണ്ടെന്നും കോടതി പറഞ്ഞു. പടക്കത്തിന് പകരം ആ പണം മധുരപലഹാരങ്ങള്‍ നല്‍കാന്‍ വിനിയോഗിക്കൂവെന്നും കോടതി നിരീക്ഷിച്ചു.
സമാനമായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹൈക്കോടതിക്ക് ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ ശിവ ഫയര്‍വര്‍ക്സിന്റെ ഹര്‍ജി തള്ളിയത്.
അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ പടക്കത്തിന് സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.

