ആ കാര്‍ കാണുമ്പോള്‍ സങ്കടം കനക്കുന്നു, 11.75 ലക്ഷത്തിന്റെ വണ്ടി 7.5 ലക്ഷത്തിനാണ് വിറ്റത്; ഔഡി കാര്‍ വാങ്ങിയതിനെക്കുറിച്ച് വിസ്മയയുടെ പിതാവ്

കൊല്ലം: സ്ത്രീധനമായി വിലകുറഞ്ഞ കാര്‍ നല്‍കിയെന്ന പേരില്‍ തുടങ്ങിയ പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പുതിയ ഔഡി കാര്‍ വാങ്ങി. വിസ്മയയ്ക്ക് സ്ത്രീധനമായി നല്കിയ ടൊയോട്ട യാരിസ് കാര്‍ വിറ്റാണ് ഒരാഴ്ച മുമ്ബ് സെക്കന്‍ഡ് ഹാന്‍ഡ് ഔഡി വാങ്ങിയത്.
വിസ്മയയുടെ ആത്മഹത്യക്കേസില്‍ വിധികേള്‍ക്കാന്‍ യാരിസ് കാറിലാണ് ത്രിവിക്രമന്‍ നായര്‍ എത്തിയത്. ആ കാര്‍ കാണുമ്ബോള്‍ സങ്കടം കനക്കുന്നതിനാലാണ് വില്ക്കാന് തീരുമാനിച്ചത്. 11.75 ലക്ഷത്തിന്റെ യാരിസ് കാര്‍ 7.5 ലക്ഷത്തിന് വിറ്റ് 24 ലക്ഷത്തിനാണ് ഔഡി വാങ്ങിയത്.
വോള്‍സ് വാഗണിന്റെ വെന്റോ കാര്‍ വേണമെന്നു പറഞ്ഞായിരുന്നു കിരണ്‍കുമാര്‍ വിസ്മയയ്ക്ക് നേരെ പീഡനം തുടങ്ങിയത്. പീറപ്പെണ്ണും പാട്ടക്കാറും എനിക്ക് വേണ്ടെന്ന് ഒരിക്കല്‍ കിരണ്‍കുമാര്‍ വിസ്മയയുടെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. സുഹൃത്തുമായുള്ള സംഭാഷണത്തില്‍ ”വിവാഹത്തലേന്ന് സ്ത്രീധനക്കാര് കണ്ട് തന്റെ കിളിപോയെന്ന്” കിരണ്‍കുമാര്‍ പറയുന്ന ശബ്ദരേഖയും കേസില്‍ നിര്‍ണായക തെളിവായിരുന്നു.
പീഡനം സഹിക്കവയ്യാതെ 2021 ജൂണ്‍ പുലര്‍ച്ചെയാണ് വിസ്മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ പത്തുവര്‍ഷം കഠിനതടവ് ശിക്ഷ ലഭിച്ച കിരണ്‍കുമാര്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

