കേരളത്തിലെ ഏറ്റവും വലിയ ആകാശപാത ഗതാഗത സജ്ജം; കഴക്കൂട്ടം മേല്‍പ്പാലം നവം.15 ന് തുറന്നു കൊടുക്കും

തിരുവനന്തപുരം: നാലു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഒടുവില്‍ ഗതാഗതത്തിനായി തുറക്കുന്നു. നവംബര്‍ 15ന് മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 2.72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ മേല്‍പ്പാല നിര്‍മ്മാണം പക്ഷേ കൊവിഡ് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ പെട്ടതോടെ ഇഴയുകയായിരുന്നു. കഴിഞ്ഞ തവണ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോള്‍ കേരളപ്പിറവി ദിനത്തില്‍ എലിവേറ്റഡ് ഹൈവേ തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
മേല്‍പ്പാലത്തിലെ ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപ്പ്രോച്ച് റോഡ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. പാലത്തിലും സര്‍വീസ് റോഡിലും വഴി വിളക്കുകളും സ്ഥാപിച്ച് കഴിഞ്ഞു. സര്‍വീസ് റോഡിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അതുകൂടി കഴിയുന്നതോടെ 61 തൂണുകളിന്മേല്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയിലൂടെ വാഹനങ്ങള്‍ കുതിച്ചു പായും. തലസ്ഥാന യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന കഴക്കൂട്ടത്തെ ഗതാഗത കുരുക്കിനും അതോടെ ആശ്വാസമാകും. 200 കോടി രൂപ ചെലവിലാണ് എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

