ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് പരസ്യപ്രതിഷേധത്തിലേക്ക്; ഭീഷണികളെല്ലാം രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം

തിരുവനന്തപുരം: സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കുമെതിരെ നിലപാടെടുത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങി എല്‍ഡിഎഫ്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇല്ലാത്ത അധികാരം പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന ഭീഷണിയെ തുറന്നുകാണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പ്രത്യക്ഷ പ്രതിഷേധത്തിലേക്കാണ് ഇടതുമുന്നണി നീങ്ങുന്നത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഗവര്‍ണറുടെ ഈ നീക്കം തുറന്നുകാട്ടണമെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലുയര്‍ന്ന അഭിപ്രായം.
ഗവര്‍ണറുടെ നടപടിയെ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമദ്ധ്യത്തില്‍ അപഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം കേരള സര്‍വകലാശാല സെനറ്റില്‍ നിന്നും ഗവര്‍ണര്‍ പുറത്താക്കിയ 15പേര് ഹൈക്കോടതിയെ സമീപിച്ചു. നിയമവിരുദ്ധമാണ് പുറത്താക്കലെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അല്പസമയത്തിനകം ഹര്‍ജി പരിഗണിക്കും. പുറത്താക്കിയവര്‍ക്ക് രജിസ്ട്രാര്‍ ഔദ്യോഗിക അറിയിപ്പും നല്കി. ഇതോടെ അടുത്തമാസം നാലിനും 19നുമിടയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്കുളള ക്ഷണക്കത്ത് പിന്‍വലിച്ചതായി കണക്കാക്കും.

