കൊലയാളി ശ്യാംജിത് വിഷ്ണുപ്രിയയുടെ മുന്‍ കാമുകന്; മുമ്പും വീട്ടിലെത്തിയിരുന്നെന്ന് പൊലീസ്

കണ്ണൂര്‍: പാനൂരില്‍ പാനൂരില്‍ 23കാരിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്യാംജിത് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുന്‍ കാമുകന്. പ്രണയപ്പകയാണ് കൊലയ്ക്കു കാരണം. ഇടക്കാലത്ത് ഇരുവരും പിണങ്ങിയിരുന്നു. തുടര്‍ന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു.
ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പാനൂര്‍ പാനൂര്‍ നടമ്മല്‍ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിനോദ്- ബിന്ദു ദമ്ബിതകളുടെ മകള്‍ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രണയം തകര്‍ന്നതു മുതല്‍ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം മനസിലാക്കി എത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചു നടന്ന ആസൂത്രിത കൊലപാതമാണെന്ന് വ്യക്തമാവുന്നത്. അതേസമയം, പ്രതി നേരത്തെയും വിഷ്ണു പ്രിയയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ വീടും പരിസരവുമൊക്കെ ഇയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് വിനോദ് ഏറെക്കാലമായി ഗള്‍ഫിലാണ്. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് വിഷ്ണുപ്രിയയ്ക്കുള്ളത്. മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പമാണ് പെണ്‍കുട്ടി വീട്ടില്‍ കഴിഞ്ഞിരുന്നത്. സഹോദരന് അരുണിന് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ജോലി ലഭിച്ചിരുന്നു.
ഇതിനായി അരുണ്‍ കഴിഞ്ഞ ദിവസം പത്തുമണിയോടെ വീട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടിരുന്നു. സഹോദരന് പോകുന്നതിനാലാണ് വിഷ്ണുപ്രിയ ഇന്ന് ലീവെടുത്തത്. ഇവരുടെ വീടിനടുത്തുള്ള ഒരു ബന്ധു മരിച്ചതിന്റെ ഏഴാം ദിവസമായതിനാല്‍ മാതാവും സഹോദരിമാരും അങ്ങോട്ടേക്കു പോയതായിരുന്നു.
അടുത്തടുത്ത് വീടുകള്‍ ഉള്ള പ്രദേശമാണെങ്കിലും ആരും കൊലപാതം അറിഞ്ഞില്ല. 12.45ഓടെ ചടങ്ങ് കഴിഞ്ഞ് മാതാവ് വീട്ടിലെത്തിയപ്പോഴാണ് കഴുത്തറുത്ത് ക്രൂരമായി നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ മകളെ കാണുന്നത്. ഉടന്‍ നിലവിളിച്ച് പുറത്തേക്കോടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
കൊലയ്ക്കു ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. പ്രതിയെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും നാട്ടുകാരോട് വിവരം തേടുകയും ചെയ്യുന്നതിനിടെയാണ് നിര്‍ണായകമായി വിഷ്ണു പ്രിയയുടെ സുഹൃത്തില്‍ നിന്നുള്ള വിവരം ലഭിക്കുന്നത്. 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു.
കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളില്‍ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണുപ്രിയ സുഹൃത്തിനോട് ഉച്ചത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യമാണ് സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇയാളുടെ ചിത്രം സുഹൃത്ത് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചു.
11.30 മുതല്‍ 12.30 വരെ ഇയാള്‍ ഇവിടെയുണ്ടായിരുന്നതായുള്ള കൃത്യമായ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ലഭിച്ചു. ഇതോടെയാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയും ഒരു മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ സാധിച്ചതും. കസ്റ്റഡിയിലെത്ത ഇയാള്‍ കൊലപാതകക്കുറ്റം സമ്മതിച്ചു. കൂത്തുപറമ്ബ് എ.സി.പി ഓഫിസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അതേസമയം, വിഷ്ണുപ്രിയയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ഗള്‍ഫിലുള്ള പിതാവ് നാട്ടിലെത്തിയ ശേഷം സംസ്കരിക്കും.

