ആവര്‍ത്തിക്കുന്നു, പരിഹാസ്യനാകരുത്; മന്ത്രിമാർക്ക് മാർക്കിടാന്‍ അധികാരം നല്‍കിയിട്ടില്ല- മുഖ്യമന്ത്രി

പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമൂഹത്തിന് മുന്നില്‍ പരിഹാസ്യനാകരുതെന്ന് നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യവില്‍പനയില്‍ നിന്നും ലോട്ടറി വില്‍പനയില്‍ നിന്നുമുള്ള നികുതിയാണ് കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗമെന്ന ഗവര്‍ണറുടെ പരിഹാസത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളുടെ വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
‘കഴിഞ്ഞ ദിവസം കേരള ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ, കേരളത്തിലേക്ക് മറ്റു നിക്ഷേപങ്ങളൊന്നും വരില്ലെന്നും മദ്യവും ലോട്ടറിയുമാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗമെന്നും പരിഹാസരൂപേണ പറയുകയുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുകയാണ്. സമൂഹത്തിന്റെ മുന്നില്‍ പരിഹാസ്യനാകരുത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ എക്കണോമിക് റിലേഷന്‍സ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്, ഇന്ത്യയില്‍ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല എന്നാണ്. ഇത് ഗവര്‍ണര്‍ക്ക് അറിയുമോ എന്നറിയില്ല. കേരളത്തിന്റെ ബജറ്റ് നോക്കിയാല്‍ തന്നെ അറിയാം, മറ്റുനികുതി വിഭാഗങ്ങള്‍ എക്‌സൈസ് നികുതിയേക്കാള്‍ മുന്നിലാണ് എന്ന് കാണാനാകും.
നമ്മുടെ രാജ്യത്തിന്റെ ഭരണരീതി അനുസരിച്ച് കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷ നികുതി ഏര്‍പ്പെടുത്താനുള്ള അധികാരമുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ നികുതി അധികാരങ്ങളെ നിലവിലുള്ളൂ. മനുഷ്യ ഉപയോഗിത്താനായുള്ള മദ്യവും അതിന്റെ മേല്‍ നികുതി ചുമത്താനുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കാണ്. സ്വാഭാവികമായും കേരളത്തിനടക്കം നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പലവഴിക്ക് നടക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. ആ ഗവര്‍ണര്‍ അതിന് കൂട്ടുനില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല’, മുഖ്യമന്ത്രി പറഞ്ഞു.

