ഗവർണറുടെ പടപ്പുറപ്പാട് നിയമോപദേശത്തിനുശേഷം; കോടതിവിധികളിലേറെയും സർക്കാരുകൾക്ക് അനുകൂലം

തിരുവനന്തപുരം: ഗവർണർക്ക് പ്രീതിയുള്ളയിടത്തോളംകാലം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനയിലെ വ്യവസ്ഥ മുൻനിർത്തി നിയമോപദേശം തേടിയശേഷമാണ് ഗവർണർ, മന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ നടപടിയാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കയച്ചത്. സർക്കാർ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പാണെങ്കിലും ദേശീയതലത്തിൽത്തന്നെ വിഷയം ചർച്ചയാകും. ഗവർണറുടെ കത്തും മുഖ്യമന്ത്രിയുടെ മറുപടിയും ഉൾപ്പെടുത്തി കോടതിയിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കേസും വരാം. അങ്ങനെവന്നാൽ ഭരണഘടനയെ തലനാരിഴ കീറി പരിശോധിക്കുന്ന നിയമപോരാട്ടങ്ങളിലേക്കായിരിക്കും ഇത് നയിക്കുക.
മുഖ്യമന്ത്രിയാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നതും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതും. മന്ത്രിമാർ രാജിക്കത്ത് നൽകുന്നത് മുഖ്യമന്ത്രിക്കാണ്. രാജിക്കത്ത് സ്വീകരിക്കണമെന്ന അഭ്യർഥനയോടെ മുഖ്യമന്ത്രിയാണ് ഗവർണർക്ക് സമർപ്പിക്കുന്നതും തുടർന്ന്, അത് ഗവർണർ സ്വീകരിക്കുന്നതും.
ഗവർണർക്ക് പ്രീതിയുള്ളയിടത്തോളം മന്ത്രിമാർ ചുമതലയിൽ തുടരുമെന്നത് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളയിടത്തോളംകാലം എന്ന രീതിയിലാണ് ഇതുവരെയുള്ള വ്യാഖ്യാനവും പ്രയോഗവും.

